മലയടി ചിറ്റിപ്പാറ
''തിരുവനന്തപുരത്തിന്റെ മീശപ്പുലി മല'' എന്ന പേരിൽ കഴിഞ്ഞ കുറച്ചു നാളുകൾക്കുള്ളിൽ സോഷ്യൽ മീഡിയ സൈറ്റുകളിലൂടെ അറിയപ്പെട്ടുതുടങ്ങിയ തിരുവനന്തപുരം നെടുമങ്ങാട് സ്ഥിതി ചെയ്യുന്ന ചിറ്റിപ്പാറയിലേക്ക് ഇപ്പോൾ സഞ്ചാരികളുടെ ഒഴുക്കാണ്.
എത്ര ഭംഗിയുള്ള ഭൂപ്രകൃതിയാണ് നമ്മുടെ തിരുവനന്തപുരം ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ പലയിടത്തും ഒളിഞ്ഞു കിടക്കുന്നത്. എന്നാൽ പലരും പൊൻമുടി പോലുള്ള സ്ഥിരം ടൂറിസ്റ്റ് സ്പോട്ടുകൾ സന്ദർശിച്ചു പോകാറാണ് പതിവ്. തിരുവനന്തപുരം ജില്ലയിലെ ഓഫ് റോഡ് സ്പോട്ടുകൾ മുഴുവൻ കണ്ടു തീർക്കാൻ ഒരുപാട് യാത്രകൾ വേണ്ടി വരും (ആനനിരത്തി, കൊമ്പ, ഉത്തരംകയം, ശംഖിലി, ചിന്നപ്പുൽ, അഗസ്ത്യാർകൂടം, മരുത്വാമല, വാഴ്വാന്തോൾ, സൂര്യന്തോൾ, ബോണോഫോൾസ് വരയാട്ടുമുടി etc..).
നഗരത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ്, ശുദ്ധവായു ശ്വസിക്കാനും മനസിലും ശരീരത്തിലും കോടമഞ്ഞിന്റെ തണുത്ത സ്പർശമേൽക്കാനും ചിറ്റിപ്പാറപോലെ ഇതിലും പറ്റിയ മറ്റൊരു സ്ഥലമില്ലെന്നു തന്നെ പറയാം.
"മലയടി ചിറ്റിപ്പാറ - നെടുമങ്ങാടിന്റെ പിസാഗോപുരം" :- ഒരർത്ഥത്തിൽ അങ്ങനെയും പറയാം. കാരണം ഏറെ ഉയരത്തില്‍ അന്തരീക്ഷത്തിലേക്ക് നീണ്ടു ചരിഞ്ഞ് നില്‍ക്കുന്ന ചിറ്റിപ്പാറ വിദൂരകാഴ്ചയില്‍തന്നെ ആരിലും വശ്യത ജനിപ്പിക്കുന്നതാണ്. പരുത്തിപ്പള്ളി വനം റെയ്ഞ്ചിലെ ചൂളിയാമല സെക്ക്ഷന്‍ പരിധിയിലാണ് ചിറ്റിപ്പാറ സ്ഥിതിചെയ്യുന്നത്. കുന്നിന്‍മുകളില്‍ ഏതുനിമിഷവും അടര്‍ന്നുവീഴാവുന്ന സ്ഥിതിയില്‍ ഒരു പാറയുടെ മുകളില്‍ മറ്റൊരു പറ എന്ന രീതിയിൽ ആണ് ഈ കൂറ്റന്‍ പാറ ഐതിഹ്യകഥകളോടെ നിലകൊള്ളുന്നത്. "നെടുമങ്ങാടിന്റെ പിസാ ഗോപുരം" എന്ന് തോന്നത്തക്കവണ്ണം !!.
ആദിവാസി ഊരുകള്‍ ഉള്‍പ്പെടുന്ന മലയടി, ചിറ്റിക്കോണം, പൊന്‍പാറ തുടങ്ങിയ പ്രദേശങ്ങള്‍ക്കു മുകളിലായാണ് വശ്യമനോഹരമായ ഈ പാറയുടെ സ്ഥാനം.
ആദിവാസി ഊരുകള്‍ ഉള്‍പ്പെടുന്ന മലയടി, ചിറ്റിക്കോണം, പൊന്‍പാറ തുടങ്ങിയ പ്രദേശങ്ങള്‍ക്കു മുകളിലായാണ് വശ്യമനോഹരമായ ഈ പാറയുടെ സ്ഥാനം.
നമ്മുടെ നെടുമങ്ങാട് താലൂക്കിൽ അധികം ആരാലും അറിയപ്പെടാത്ത ചിറ്റിപ്പാറയെ ചുരുങ്ങിയ കാലം കൊണ്ട് സഞ്ചാരക്കളുടെ ഇഷ്ട താവളമാക്കി മാറ്റിയത് നെടുമങ്ങാട് സ്വദേശിക്കളായ രണ്ടു യുവാക്കളാണ്. എന്റെ സുഹൃത്തായ മഹേഷ് രമേശനും അസറും.
സമുദ്രനിരപ്പില്‍ നിന്നും 800 മീറ്റര്‍ ഉയരത്തിലുള്ള ചിറ്റിപ്പാറ ഒരു കിതപ്പൊടുകൂടിയല്ലാതെ നമുക്ക് കീഴടക്കാനാവില്ല. ഉയരം കൂടും തോറും യാത്രയുടെ ത്രില്‍ കൂടും എന്ന് ഉറപ്പിക്കുന്നതായിരുന്നു ഇത്തവണത്തെ ഞങ്ങളുടെ യാത്ര.
ദുർഘടമായ പാത നടന്ന് മുകളിലെത്തുമ്പോൾ കാഴ്ചയ്ക്കു അതിർത്തി തീർത്തു കൊണ്ട് നിൽക്കുന്ന വലിയ മലകൾക്കു താഴെ പച്ച വിരിച്ചു നിൽക്കുന്ന പുൽമേടുകളും കെട്ടിടങ്ങളും പോരാത്തതിന് വെള്ള മേഘങ്ങൾ നിറഞ്ഞ തെളിഞ്ഞ നീലാകാശവുമാണ് നമ്മെ വരവേൽക്കുന്നത്. ചില കാഴ്ചകൾ അങ്ങനെയാണ് ഒരിക്കലും മായാതെ മനസ്സിലേയ്ക്കങ്ങു ഇടിച്ചു കയറും. കോടമഞ്ഞിന്റെ തണുപ്പും ആശ്ലേഷവും കുന്നുകളുടെ സൗന്ദര്യവും വല്ലാതെ വിസ്മയിപ്പിക്കും. പ്രകൃതിയെ മനോഹരമായി വരച്ച് ഒരു ക്യാൻവാസിൽ കാണുന്നതു പോലെ അതിനെ ആസ്വദിക്കാനും അവിടെ കുറച്ചു സമയം ചിലവഴിക്കാനും താല്പര്യമില്ലാത്തവർ ആരെങ്കിലുമുണ്ടാകുമോ? കോടമഞ്ഞു പൊതിയുന്ന കേരളത്തിലെ മറ്റു ഹിൽസ്റ്റേഷനുകളെ പോലെ തന്നെ മനോഹരമാണ് നമ്മുടെ ചിറ്റിപ്പാറയും.
കാര്യം ഇതൊക്കെ ആണെങ്കിലും ചില അപകടങ്ങളും ഇവിടെ പതിയിരിക്കുന്നുണ്ട്. ആ യാഥാർത്ഥ്യം ഉൾക്കൊണ്ടാവണം യാത്ര പ്ളാൻ ചെയ്യാൻ. 2015'ൽ സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും കൗതുകവും അമ്പരപ്പുമുളവാക്കി ചിറ്റിപ്പാറയുടെ ഒരുഭാഗം വന്‍ ശബ്ദത്തോടെ അടര്‍ന്നുവീണിരുന്നു. ഭൂകമ്പ സമാനമായിരുന്നു ആ സംഭവം. സമീപത്തെ പഞ്ചായത്തുകളിൽ പോലും അന്നതിന്റെ പ്രകമ്പനം ഉണ്ടായി. ഇപ്പോൾ ചിറ്റിപാറ ദൂരെനിന്ന് നോക്കുകയാണെങ്കിൽ അന്ന് അടർന്നു മാറിയതിന്റെ അടയാളം കാണുവാൻ കഴിയും. അന്ന്, പാറയുടെ ദൂരക്കാഴ്ചയിൽ ചെറുതെന്ന് തോനിക്കുന്ന ഒരു ഭാഗം പതിച്ച് മൂന്നൂറേക്കറോളം പ്രദേശത്തെ കൃഷി തകര്‍ന്നിരുന്നു..! അപ്പോൾ തന്നെ ഊഹിക്കാമല്ലോ ഈ ഭീമന്റെ വലുപ്പം. കുന്നിനുതാഴെ മുപ്പതോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെങ്കിലും അന്ന് വന്‍ദുരന്തം ഭാഗ്യം ഒന്നുകൊണ്ട് മാത്രം ഒഴിഞ്ഞുമാറി. അന്ന് മൈനിങ് ആന്‍ഡ് ജിയോളജിക്കല്‍ അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുകയും ശാസ്ത്രീയത പഠനങ്ങൾക്ക് ശേഷം "പാറ അപക്ഷയമെന്ന" ഭൂമിശാസ്ത്ര പ്രതിഭാസമാണ് അടര്‍ന്നുവീണതിനു പിന്നിലെന്നു സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ചിറ്റിപ്പാറയിലെ അപകടകരമായ ഭാഗം പൊട്ടിച്ചുമാറ്റാന്‍ നെടുമങ്ങാട് തഹസില്‍ദാര്‍ ഉത്തരവിട്ടിരുന്നു. പക്ഷേ പിന്നീട് പ്രാദേശികമായ ചില എതിർപ്പുകളെ തുടർന്ന് അന്നത് നടന്നില്ല.
#Info_1: വെള്ളവും വായുവുംപോലെ ഭൂമിയും എല്ലാവരുടെയും സ്വന്തമെന്ന് പ്രഖ്യാപിച്ചുകൊണ്ട് വിനോബാ ഭാവെയുടെ നേതൃത്വത്തിൽ ഐതിഹാസികമായ ഭൂദാനയാത്രയോടനുബന്ധിച്ച് അദ്ദേഹം 1957 ഏപ്രിൽ 15-നാണ് കേരളാതിർത്തിയിൽ പ്രവേശിച്ചു. അന്നത്തെ കേരള ഗവർണർ ശ്രീരാമകൃഷ്ണറാവു, കേരള മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട്, സംസ്ഥാന കോൺഗ്രസ്‌കമ്മിറ്റി അധ്യക്ഷൻ മാധവമേനോൻ, കെ. കേളപ്പൻ, കുട്ടിമാളുഅമ്മ തുടങ്ങിയ നിരവധി പ്രമുഖർ ബാബയെ കേരളാതിർത്തിയിലെത്തി സ്വീകരിച്ചു. യാത്രക്കിടയിൽ അദ്ദേഹം മലയടിയിലെ വിനോബ നികേതൻ സന്ദർശിച്ച്, അന്നവിടെ മെഴുകിയ നിലത്ത് അന്തിയുറങ്ങി. ഗവർണറും മുഖ്യമന്ത്രിയും വിനോബ നികേതനിലെത്തി അദ്ദേഹത്തോടൊപ്പം ഏറെ സമയം ചെലവഴിച്ചു. പതിനൊന്ന് ഗ്രാമദാനങ്ങളാണ് അവിടെ പ്രഖ്യാപിക്കപ്പെട്ടത്. അതിന്റെ സാംസ്കാരിക തിരുശേഷിപ്പുകൾ നമുക്കിപ്പോഴും അവിടെ കാണാം.
#Info_2: വിനോബ ഭാവെ, തന്റെ ആത്മീയപുത്രിയായി അംഗീകരിച്ചത് ഒരു മലയാളിയെയാണെന്ന് അധികംപേർക്കറിയില്ല. എ.കെ. രാജമ്മ എന്ന ആ വലിയ സ്ത്രീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. വിനോബ അന്തിയുറങ്ങിയ വിനോബനികേതൻ ആശ്രമത്തിലെ അന്നത്തെ അതേ പുല്ലുമേഞ്ഞ മുറിയിൽത്തന്നെ..!! സേവാഗ്രാമിലെ സേവികയായി തുടങ്ങി ഭൂദാനവിപ്ലവത്തിൽ വിനോബയോടൊപ്പം ആസേതുഹിമാചലം കാൽനടയായി സഞ്ചരിച്ച വനിത ! അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തിയും, സ്ത്രീശാക്തീകരണത്തിനായി ബാബ പൗനാറിൽ ബ്രഹ്മവിദ്യാമന്ദിർ സ്ഥാപിച്ചപ്പോൾ അതിന്റെ ചുമതലക്കാരിയായും.
വിനോബാഭാവെയുടെ മറ്റൊരു ഉറച്ച അനുയായിയായ വേലായുധന്‍സ്വാമിയുടെ വീടും ഇതിന് സമീപത്താണ്. വിതുരമേഖലയിലെ സ്വാതന്ത്ര്യസമര സേനാനികളില്‍ പ്രമുഖനായിരുന്നു ഇദ്ദേഹം. മലയടി ചിറ്റിപ്പാറ മലയടിവാരത്തെ ഗിരിവര്‍ഗ മേഖലയില്‍ സര്‍വോദയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സ്വാമി 1960'കളില്‍ കെ. കേളപ്പനൊപ്പം മലബാറിലും പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിച്ച സ്വാമി ഭൂദാനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം നടത്തിയത് 1956-57 കാലഘട്ടത്തിലാണ്. ഇക്കാലത്താണ് വിനോബാഭാവെ തൊളിക്കോട് ഗ്രാമപ്പഞ്ചായത്തിലെ വിനോബാ നികേതനിലെത്തി ഭൂമി സ്വീകരിച്ചത്. മീനാങ്കല്‍, ചെട്ടിയാമ്പാറ, കടുക്കാക്കുന്ന് സ്‌കൂളുകള്‍ തുടങ്ങാന്‍ നേതൃത്വം നല്‍കിയ വേലായുധന്‍ സ്വാമി മലയോര വിദ്യാഭ്യാസ മേഖലക്ക് കാര്യമായ സംഭാവന നല്‍കി. ജീവിതത്തിന്റെ സായന്തനത്തില്‍ കുറ്റിച്ചല്‍ സിദ്ധാശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു.
---------------
ഏതായാലും തിരുവനന്തപുരത്തുള്ളവർക്ക് ഒരു അവധി ദിവസം, സമയം കളയാനുള്ളതൊക്കെ ഇവിടെയുണ്ട്...
#അടിക്കുറുപ്പ്: സന്ദർശിക്കാൻ താല്പര്യമുള്ളവർ ദയവായി പ്ളാസ്റ്റിക് കൊണ്ടു പോകാതിരിക്കുക. അപായകരമായ അനുകരണങ്ങള്‍ വേണ്ട. അപകടകരമായ രീതിയിൽ സെൽഫി എടുക്കാൻ ശ്രമിക്കാതിരിക്കുന്നതാണ് ഉത്തമം. കാട് മനോഹരമാണ് എന്നാലത് അപകടങ്ങൾ പതിയിരിക്കുന്നതുമാണ്. ശാന്തമായ പ്രകൃതിയുടെ ഭാവം എപ്പോൾ വേണമെങ്കിലും മാറാം. സ്വയം അപകടത്തിലേക്ക് നടന്നു കയറരുത്.
നന്ദി ..
©Vijith Uzhamalakkal
©Vijith Uzhamalakkal
No comments:
Post a Comment