"നിങ്ങൾ ഓഷോയെ അറിയുന്നത് അയാളുടെ കൃതികളിലൂടെ ആണെങ്കിൽ അയാൾ മഹാനാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലൂടെയാണ് അറിയുന്നതെങ്കിൽ അയാൾ ഒരു തെമ്മാടിയാണ് "
-- ഓഷോ
ഓരോ വ്യക്തികള്‍ക്കും ബോധോദയത്തിലേക്കുള്ള പാത വ്യത്യസ്തമാണ്. എങ്കിലും അതിലേക്കെത്തുന്നതിനായുള്ള പടികള്‍ പൊതുവായുണ്ട്. ആ പടികള്‍ എന്തെല്ലാമെന്നു നിരന്തരം വിശദീകരിക്കുക മാത്രമാണ് ധ്യാനഗുരുവായ ഓഷോ ചെയ്യുന്നത്. ഒരാള്‍ക്കായി പറയുന്നത് മറ്റൊരാള്‍ക്കുള്ളതല്ല എന്നും മറ്റൊരാളോട് തീര്‍ത്തും വിരുദ്ധമായ രീതിയില്‍ കാര്യങ്ങള്‍ വിശദീകരിച്ചേക്കാമെന്നും അതുകൊണ്ട് തന്നെ സ്വയം കണ്ടെത്തലാണ് യഥാര്‍ത്ഥ വഴിയെന്നും അദ്ദേഹം പറയുന്നു.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മനുഷ്യന്‍ അവനവനിലേക്ക് നോക്കിത്തുടങ്ങുന്നിടത്താണ് ആത്മീയതയുടെ ആരംഭം. യഥാര്‍ഥ ആത്മീയത എന്നാല്‍, മതാതീതമായ വിശ്രാന്തിയാണ്. അതില്‍ വാക്കുകളും സംഗീതവും ഫലിതവും മൗനവുമെല്ലാം ഉള്‍ച്ചേരുന്നു.
ഓഷോ ഭൗതികമായി ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹം നൽകിയ ഉത്‌ബോധനങ്ങൾ അദ്ദേഹത്തിന്റെ മനോഗത ഭാവങ്ങളായി, ആത്മനിവേദനങ്ങളായി ഈ പ്രപഞ്ചാന്തരീക്ഷത്തിൽ വിലീനമാണെന്ന് കൂടി പറയാം. ആ ഉത്‌ബോധനങ്ങൾ അദ്ദേഹത്തിന് മുമ്പും പലരും നൽകിയിട്ടുണ്ട്. കാരണം അത് മാത്രമാണ് സത്യം. സത്യത്തിന് മാറ്റമില്ലല്ലോ. അങ്ങനെയുള്ള സത്യങ്ങൾ ആവർത്തിച്ചുകൊണ്ട്
കാലകാലാന്തരങ്ങളിൽ ഓഷോയെപ്പോലുള്ളവർ ജനിക്കുകയും തിരിച്ചുപോവുകയും ചെയ്യുന്നു എന്ന് മാത്രം.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ നമ്മുടെ ദേഹവും ജീവൻ അല്ലെങ്കിൽ ചേതനയും തമ്മിലുള്ള ബന്ധം പ്രാണവായുകൊണ്ടാണ്. ഈ ബന്ധം ജഡത്തിനും ചേതനയ്ക്കുമിടയിൽ വന്നും പോയുമിരിക്കുന്ന ശ്വാസത്തിൽ മാത്രം നിർഭരമാണ്. പ്രാണവായു ഇല്ലാത്ത ദേഹം ജഡമാണ്. അതിനു ചേതനയില്ല. ഇങ്ങനെ ശ്വാസത്തിൽ ബന്ധിതമായ ചേതന ദേഹത്തിന്റെ ബന്ധനങ്ങളിൽ നിന്ന് മുക്തി പ്രാപിക്കുമ്പോൾ നാം അതിനെ മരണം എന്ന് പറയുന്നു. അത് നമ്മൾ ജീവിച്ചിരിക്കുമ്പോൾ വസ്ത്രങ്ങൾ മാറുകയും മാറ്റുകയും ചെയ്യുന്നതുപോലെതന്നെയാണ്. അതായത്, ധരിച്ച വസ്ത്രങ്ങൾ പഴതാകുമ്പോൾ മാറേണ്ടതുപോലെ. ജന്മം കൊണ്ട് നമുക്ക് ലഭിച്ചതും നമ്മുടെ ജീവിതയാത്രയ്ക്കിടയിൽ നേടാൻ കഴിഞ്ഞതുമൊക്കെയായ ബന്ധങ്ങൾ ജീർണിക്കുമ്പോൾ അവയിൽ നിന്ന് മുക്തമാകേണ്ടതും അനിവാര്യമാണ്.
ഓഷോ വചനങ്ങൾ
"നിങ്ങൾ പ്രബുദ്ധനായിത്തീരുമ്പോൾ അത്രയ്ക്കുമധികം നിങ്ങളനുഭവിച്ച എല്ലാ ദുഃഖങ്ങളും എല്ലാ സ്വപ്നങ്ങളും എല്ലാ കഷ്ടപ്പാടുകളും പെട്ടെന്ന് അത്രയ്ക്കും അപ്രധാനങ്ങളും അത്രയ്ക്കുമപ്രസക്തങ്ങളുമായി തീരുന്നു. അവ നിങ്ങളുടെ ബോധമണ്ഡലത്തിൽ നിന്നുതന്നെ അപ്രത്യക്ഷമാകും. അവ നിങ്ങളുടെ ജീവിതകഥയുടെ ഭാഗമേയല്ലാതായി തീരും. അതു നിങ്ങൾക്കല്ല, മറ്റാർക്കോ സംഭവിച്ചതാണെന്നതുപോലെ."
"മരിക്കുമ്പോൾ ശ്വാസം നിലയ്ക്കും. ഗാഢമായ ധ്യാനത്തിലും ശ്വാസം നിലയ്ക്കും. അതിനാൽ ഗാഢമായ ധ്യാനത്തിനും മരണത്തിനും പൊതുവായ ഒരു കാര്യമവിടെയുണ്ട്. രണ്ടിലും ശ്വാസം നിലയ്ക്കും. അതിനാൽ ഒരു മനുഷ്യൻ ധ്യാനമറിയുന്നുവെങ്കിൽ അയാൾ മരണവുമെന്തെന്നറിഞ്ഞുകഴിഞ്ഞു. അതുകൊണ്ടാണ് ധ്യാനിയ്ക്കുന്നവൻ മരണഭയത്തിൽ നിന്നും മുക്തനായിത്തീരുന്നത്. ശ്വാസം നിലയ്ക്കുന്നുവെങ്കിലും താനവിടെയുണ്ടെന്ന് അയാൾക്കറിയാം."
"എല്ലാ ലൈംഗികതയും വിഡ്ഢിത്തമാണ്. അതൊരു ജൈവതൃഷ്ണ മാത്രമാണെന്നതും നിങ്ങൾ അതിന്റെ ഇര മാത്രമാണെന്നതുമാണ് കാരണം."
"സംഗീതം ധ്യാനത്തിന്റെ ഏറ്റവും അടുത്തു നിൽക്കുന്ന ഒന്നാണ്. ധ്യാനത്തിലേക്കുള്ള ഒരു വഴിയാണ് സംഗീതം. ഏറ്റവും നല്ല വഴിയും. ധ്യാനം എന്നത് ശബ്ദരഹിതമായ ശബ്ദത്തെ ശ്രവിയ്ക്കുന്ന കലയാണ്. നിശ്ശബ്ദതയുടെ സംഗീതം കേൾക്കുന്ന കല."
"മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നിതാണ്. അവന് മറ്റുള്ളവർ തെറ്റായ വഴിയിലാണെന്ന് വളരെ എളുപ്പത്തിൽ മനസ്സിലാവും. എന്നാൽ താനും അതേ മാർഗ്ഗത്തിൽ തന്നെയാണെന്ന കാര്യം അവന് ഒരിക്കലും മനസ്സിലാക്കാനാവുന്നില്ല."
"ഭക്ഷണം നാവിന് കുറച്ച് രുചി നൽകുന്നു. അതിനുവേണ്ടി ജീവിയ്ക്കാൻ മാത്രം അതിലൊന്നുമില്ല. എന്നാൽ ഭക്ഷിയ്ക്കാൻ വേണ്ടി മാത്രം ധാരാളം ആളുകൾ ജീവിയ്ക്കുന്നു. ജീവിയ്ക്കാൻ വേണ്ടി മാത്രം ഭക്ഷിയ്ക്കുന്നവരുടെ സംഖ്യ എത്രയോ കുറവാണ്."
"ശാസ്ത്രം പ്രകൃതിയെ കീഴടക്കിയിട്ടൊന്നുമില്ല. എന്നാൽ അതിനെ കീഴടക്കുന്നതിനായുള്ള ശ്രമത്തിൽ അത് വളരെയധികം നശിപ്പിയ്ക്കുകയാണ് ചെയ്തിട്ടുള്ളത്."
"നിങ്ങളുടെ ശ്വസനത്തെ നിരീക്ഷിച്ചുകൊണ്ടിരിയ്ക്കുമ്പോൾ നിങ്ങളത്ഭുതപ്പെടും. പതുക്കെ പതുക്കെ നിങ്ങളുടെ ശ്വാസം ശാന്തവും നിശ്ശബ്ദവുമാകുന്നതോടെ നിങ്ങളുടെ മനസ്സും ശാന്തവും നിശ്ശബ്ദവുമാകാൻ തുടങ്ങും. ശ്വസനത്തെ നിരീക്ഷിയ്ക്കുന്നതിലൂടെ നിങ്ങൾ മനസ്സിനെ നിരീക്ഷിയ്ക്കുന്നതിന് കഴിവുള്ളവനായിത്തീരും."
"വിമർശിയ്ക്കുന്നവർ പല കാര്യങ്ങളും നഷ്ടപ്പെടുത്തിക്കൊണ്ടേയിരിയ്ക്കുന്നു. ഒരു വിമർശകൻ ഒരു സംഗീതം കേൾക്കുവാൻ തുടങ്ങുകയാണെങ്കിൽ അയാളുടെ ശ്രവണം സമ്പൂർണ്ണമല്ല. അയാൾ നിരന്തരം താരതമ്യപ്പെടുത്തിക്കൊണ്ടിരിയ്ക്കും, വിധി കല്പിച്ചുകൊണ്ടിരിയ്ക്കും, വ്യാഖ്യാനിച്ചുകൊണ്ടുമിരിയ്ക്കും."
"നിങ്ങളെന്തെങ്കിലും അടിച്ചമർത്തുകയാണെങ്കിൽ അത് പുറത്തേക്ക് വരുന്നതിനായി മറ്റേതെങ്കിലുമൊരു മാർഗ്ഗം, ഏതെങ്കിലും പ്രകൃതിവിരുദ്ധമായൊരു വഴി കണ്ടെത്താൻ തുടങ്ങും. പ്രകൃതിവിരുദ്ധമായ എല്ലാ ലൈംഗിക സ്വഭാവങ്ങൾക്കും മതപരമായ ഉറവിടമാണുള്ളതെന്ന് ഞാൻ പറയുന്നത് അതുകൊണ്ടാണ്. എല്ലാ മതങ്ങളും ലൈംഗികതയ്ക്ക് എതിരായിരിയ്ക്കുന്നു എന്ന ലളിതമായൊരു കാരണമാണ് അതിനു പിന്നിലുള്ളത്."
"കാമനയുടെ സഹജസ്വഭാവം തന്നെ പൂർത്തീകരിയ്ക്കപ്പെടുവാൻ സാദ്ധ്യമല്ല എന്നുള്ളതാണ്. ഓരോ കാമനയും നടക്കുവാൻ സാദ്ധ്യമല്ലാത്ത എന്തോ ഒന്നിനു വേണ്ടിയുള്ള വെറുമൊരു മോഹം മാത്രമാണ്. ഓരോ കാമനയും അർത്ഥമാക്കുന്നത് ഇനിയും ഇനിയും ഇനിയും എന്നാണ്. കൂടുതൽ കൂടുതലിനു വേണ്ടിയുള്ള ഈ നിരന്തരമായ മോഹത്തെ എങ്ങനെയാണ് നിങ്ങൾക്ക് പൂർത്തീകരിയ്ക്കാൻ കഴിയുക. നിങ്ങൾക്ക് ലോകത്തിലെ മുഴുവൻ ധനവും ഉണ്ടായേക്കാം അപ്പോഴും കാമനയവിടെത്തന്നെയുണ്ടാകും."
"വാസ്തവത്തിൽ ആരുംതന്നെ മറ്റൊരാൾക്കു വേണ്ടി ഉണ്ടാക്കപ്പെടുന്നില്ല. ഓരോരുത്തരും ഉണ്ടാക്കപ്പെടുന്നത് അവനവനുവേണ്ടിത്തന്നെയാണ്. ദൈവം ഒരിക്കലും നിങ്ങളെ ജോഡികളായി സൃഷ്ടിക്കുന്നില്ല. ആ അസംബന്ധങ്ങളെയെല്ലാം വിട്ടുകളയുക. അവൻ ഉണ്ടാക്കുന്നത് വ്യക്തികളെ മാത്രമാണ്."
"ജീവിതത്തെ ലളിതമായി ഒരു കളിതമാശയായി എടുക്കുക. അല്പം കൂടി ചിരിയ്കുക. പ്രാർത്ഥനയേക്കാൾ എത്രയോ പ്രാധാന്യമുള്ളതാണ് ചിരി. പ്രാർത്ഥന അഹംബോധത്തെ നശിപ്പിയ്ക്കുന്നില്ല. എന്നാൽ ചിരി അഹന്തയെ തീർച്ചയായും നശിപ്പിയ്ക്കുന്നു. അഹംബോധം മാറിനിൽക്കുമ്പോഴാണ് നിങ്ങൾ ചിരിയ്ക്കുന്നത്. ഒരു കൊച്ചുകുഞ്ഞായി അപ്പോൾ നിങ്ങൾ ചിരിയ്ക്കുകയാണ്. ഒരു വിശിഷ്ടവ്യക്തിയാണ് നിങ്ങളെന്ന കാര്യം അപ്പോൾ നിങ്ങൾ മറക്കുന്നു. ഇപ്പോൾ ഗൌരവം ചോർന്നുപോയിരിയ്ക്കുന്നു. ഒരു നിമിഷത്തേക്ക് സ്വയം മറക്കുന്നു."
"ചിരിയ്ക്കുമ്പോൽ നിങ്ങളെ നിരീക്ഷിയ്ക്കുക. എവിടെ അഹന്ത പെട്ടെന്ന് നിങ്ങൾ ഉരുകിയിരിയ്ക്കുന്നു. ഖരാവസ്ഥ മാറിയിരിയ്ക്കുന്നു. നിങ്ങൾ ഒഴുകുകയാണ്. വൃദ്ധനോ അനുഭവസമ്പന്നനോ പണ്ഡിതനോ ഒന്നുമല്ല നിങ്ങളിപ്പോൾ."
No comments:
Post a Comment