StarClicks

Make Money In 10 Genuine ways

Monday 7 July 2014

ഈഡിപ്പസ് കോം‌പ്ലെക്സ്

 
         കേവലം ഒരു മനോവിശ്ലേഷണസിദ്ധാന്തവും ചരിത്രവും തമ്മിൽ എന്ത് ബന്ധം എന്നായിരിക്കും ഈ ഒരു തലക്കെട്ട് കണ്ടു കഴിഞ്ഞാൽ ആരും ചിന്തിച്ചു പോവുക അല്ലെ ?.   എന്നാൽ ഇതിനു ചരിത്രവുമായി മാത്രമല്ല ഗ്രീക്ക് പുരാണവുമായി വരെ ബന്ധമുണ്ട് . അതിനെല്ലാം മുൻപ് ഇതിനെല്ലാം തുടക്കം കുറിച്ച ലോക വിഖ്യാതനായ മനശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡ്നെ കുറിച്ച് പറയേണ്ടതുണ്ട്. ഇദ്ദേഹം മനശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. മനസ്സിന്‌ അബോധം എന്നൊരു തലം ഉണ്ടെന്ന് ആദ്യമായി സിദ്ധാന്തിച്ച വ്യക്തിയാണ്‌ ഫ്രോയിഡ്. 'മാനസികാപഗ്രഥനം' അഥവാ മനോവിശ്ലേഷണം (Psychoanalisys) എന്ന മനശാസ്ത്രശാഖയ്ക്കു തുടക്കം കുറിച്ചത് അദ്ദേഹമാണ്‌. മനശാസ്ത്രത്തെ അന്ധവിശ്വാസങ്ങളിൽ നിന്ന് വേർപെടുത്തി ഒരു ശാസ്ത്രശാഖയാക്കി വളർത്തിയതിലും, മനോരോഗ ചികിത്സയെ വൈദ്യശാസ്ത്രത്തിന്റെ ഒരു പ്രത്യേക വിഭാഗമായി ഉയർത്തിയതിലും അദ്ദേഹം മുഖ്യ പങ്കു വഹിച്ചു.

Otto Rank behind Sigmund Freud, and other psychoanalysts (1922).

          ഹിസ്റ്റീരിയ ബാധിച്ച രോഗികളെ ചികിത്സിയ്ക്കാൻ ഹിപ്നോട്ടിസം ഫലപ്രദമാണെന്ന് തെളിയിച്ചതും അദ്ദേഹമാണ്‌. സ്വപ്നങ്ങളുടെ വ്യാഖ്യാനവും അപഗ്രഥനവും മാനസികാപഗ്രഥനത്തിൽ സഹായകമാണെന്ന് അദ്ദേഹം കണ്ടെത്തി.

         1856 മെയ് 6-ന്‌ ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിന്റെ ഭാഗമായ ഫ്രെയ്ബർഗ്ഗിലെ ഒരു ജൂതകുടുംബത്തിലാണ്‌ അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്‌ നാലു വയസ്സുള്ളപ്പോൾ കുടുംബം ഓസ്ട്രിയയിലേയ്ക്ക് താമസം മാറ്റി. 1873-ൽ വിയന്ന സർ‌വകലാശാലയിലെത്തിച്ചേർന്ന അദ്ദേഹം 1881-ൽ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. 1885 -ൽ പാരീസിലെത്തിയ അദ്ദേഹം ഫ്രഞ്ച് മനോരോഗവിദഗ്ദ്ധനായിരുന്ന ജീൻ മാർട്ടിൻ ചാർക്കോട്ടിനൊപ്പം മനശാസ്ത്രപഠനം ആരംഭിച്ചു. ഓസ്ട്രിയയിൽ തിരിച്ചെത്തിയ ശേഷവും ഗവേഷണം തുടർന്നു പോന്നു. ഹിറ്റ്ലർ ഓസ്ട്രിയ കൈയടക്കിയപ്പോൾ അദ്ദേഹം ലണ്ടനിലേയ്ക്കു കടന്നു. 1939 സെപ്റ്റംബർ 23-ന്‌ ലണ്ടനിൽ വച്ച് അന്തരിച്ചു. താടിയെല്ലിനു അർബ്ബുദം വന്നായിരുന്നു ഫ്രോയിഡിന്റെ മരണം.

         1900 ൽ പ്രസിദ്ധീകരിച്ച "സ്വപ്നങ്ങളുടെ വ്യാഖ്യാനം" എന്ന പുസ്തകത്തോടെയായിരുന്നു ഫ്രോയിഡൻ വിപ്ലവത്തിന്റെ തുടക്കം. 1885 -1886 കാ‍ലഘട്ടങ്ങളിൽ പാരീസിൽ, പ്രശസ്തന്യൂറോളജിസ്റ്റായ ഴാങ്-മാർട്ടിൻ ഷാർക്കോയ്ക്ക് കീഴിൽ സിരാരോഗങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങളാണ് സിരാരോഗവും മനസ്സും തമ്മിൽ ബന്ധമുണ്ടെന്ന ധാരണ ഫ്രോയിഡിനുണ്ടാക്കിയത്. 1895 ൽ ജോസഫ് ബ്രോയറുമായി ചേർന്ന് 'സ്റ്റഡീസ് ഇൻ ഹിസ്റ്റീരിയ' എന്ന പഠനഗ്രന്ഥം പ്രസിദ്ധീകരിച്ചു. അടിച്ചമർത്തപ്പെട്ട വികാരങ്ങൾ എങ്ങനെ ശാരീരിക രോഗങ്ങളായി പരിണമിക്കുന്നു എന്നതായിരുന്നു പുസ്തകത്തിന്റെ പ്രതിപാദ്യം. മനോ വിശ്ലേഷണത്തിലെ പ്രഥമകൃതിയായി ഇത് വിലയിരുത്തപ്പെടുന്നു. ബ്രോയറുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ച ഫ്രോയിഡ് പിന്നീട് സ്വന്തമായൊരു മാനസികാപഗ്രഥനരീ‍തിയും സിദ്ധാന്തവും രൂപപ്പെടുത്തുകയുണ്ടാ‍യി. സ്വപ്നങ്ങളുടെ വ്യാഖ്യാനം (Interpretation of Dreams) എന്ന കൃതി അതിൽനിന്നുണ്ടായതാണ്. ഈ കൃതി മനുഷ്യപ്രകൃതിയെപ്പറ്റിയുണ്ടാക്കിയ സിദ്ധാന്തങ്ങൾ സമൂഹത്തെ അമ്പരപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.

         മനസ്സിനു അബോധം എന്ന തലമുണ്ടെന്നു മാത്രമല്ല ഗൂഢമായ മാനസികപ്രവത്തനങ്ങളാണ് മനുഷ്യസ്വഭാവത്തെനിർണ്ണയിക്കുന്നതെന്ന് അദ്ദേഹം തെളിയിച്ചു.അബോധത്തിലെ വിലക്കപ്പെട്ട ആഗ്രഹം, ശിശുലൈംഗികത, ഷണ്ഡീകരണഭീതി, ഈഡിപ്പസ് കോം‌പ്ലെക്സ്, തുടങ്ങിയ ആശയങ്ങൾ ചിന്തകസമൂഹം ഗൌരവമായി നോക്കിക്കണ്ടു. ഇവയിൽ പല ആശയങ്ങളും വിവാദമായെങ്കിലും ഫ്രോയിഡിന് വിശ്വസ്തരായ അനുയായികളുണ്ടായി. 1920-1930 കാലത്ത് ഫ്രോയിഡ് മുൻപോട്ടു വെച്ച ഇദ് (Id), ഈഗോ(Igo) , സൂപ്പർ ഈഗോ(Super Igo) എന്നിവയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ ശാസ്ത്രത്തിലും കലയിലും പ്രതിഫലനമുണ്ടാക്കി.

         മനോവിശ്ലേഷണസിദ്ധാന്തം അനുസരിച്ച്, മാതാപിതാക്കളിൽ എതിർലിംഗത്തിൽ പെട്ടയാളെ സ്വന്തമാക്കാനും സ്വലിംഗത്തിൽപെട്ടയാളെ വകവരുത്താനും ഉള്ള അബോധവാഞ്ചയെ കേന്ദ്രീകരിച്ച് മനുഷ്യശിശുക്കളിൽ രൂപപ്പെട്ടുവരുകയും അടിച്ചമർത്തപ്പെട്ടു നിൽക്കുകയും ചെയ്യുന്ന ഒരുപറ്റം വികാരങ്ങളും ആശയങ്ങളുമാണ് ഈഡിപ്പസ് കോം‌പ്ലെക്സ്. കാമചോദനയുടേയും അഹംബോധത്തിന്റേയും വികാസത്തിലെ "ഈഡിപ്പൽ ദശ" എന്നറിയപ്പെടുന്ന മൂന്നുമുതൽ അഞ്ചുവരെ വയസ്സുകൾക്കിടയിലുള്ള ഘട്ടത്തെയാണ്, ക്ലാസ്സിക്കൽ മനോവിശ്ലേഷണസിദ്ധാന്തം ഈ ആശയ-വികാരസമുച്ചയത്തിന്റെ പ്രകടനകാലമായി കണക്കാക്കുന്നത്‍; എന്നാൽ "ഈഡിപ്പൽ ലക്ഷണങ്ങൾ" ഈ ഘട്ടത്തിനു മുൻപേ പ്രകടമായെന്നും വരാം.

         ഈഡിപ്പസ് കോം‌പ്ലെക്സ് എന്ന പേരിൻറെ ഉൽപത്തി,  അറിയാതെയാണെങ്കിലും സ്വന്തം അച്ഛനെ കൊന്ന് അമ്മയെ വിവാഹം കഴിച്ച യവനപുരാവൃത്തത്തിലെ ഈഡിപ്പസിന്റെ പേരിനെ ആശ്രയിച്ചാണ്. സിഗ്മണ്ട് ഫ്രോയിഡിന്റെ അഭിപ്രായത്തിൽ, മനുഷ്യന്റെ വംശോല്പത്തിചരിത്രത്തിൽ അടിയുറച്ച (phylogenetic) സാർവലൗകിക പ്രതിഭാസമായ ഈഡിപ്പസ് കോം‌പ്ലെക്സാണ് അബോധമനസ്സിലെ പാപചിന്തയിൽ വലിയൊരംശത്തിന് ഉത്തരവാദി.

         ഈഡിപ്പസ് ഗ്രീക്ക് പുരാണത്തിലെ ഥീബ്സ് രാജ്യത്തിലെ രാജാവായിരുന്നു. തന്റെ അച്ചനെ വധിക്കുമെന്നും, അമ്മയെ പരിണയിക്കുമെന്നും, തന്റെ നഗരത്തെ ദുരിതത്തിൽ നിന്നും രക്ഷിക്കുമെന്നുമുള്ള പ്രവചനത്തെ പൂർത്തീകരിച്ച ഇതിഹാസ കഥാപാത്രമായിരുന്നു അദ്ദേഹം. ഈ ഇതിഹാസത്തെ പല രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടു. പ്രസ്തുത കഥാപാത്രത്തെ അവലംബമാക്കിക്കൊണ്ടാണ് സിഗ്മണ്ട് ഫ്രോയിഡ് ഈഡിപ്പസ് കോംപ്ലക്സ് എന്ന തത്ത്വം ആവിഷ്ക്കരിച്ചത്.

Oedipus as a baby

          വിവാഹത്തിനുശേഷം ദീർഘകാലം കുട്ടികളില്ലാതിരുന്ന ഥീബ്സ് രാജാവ് ഡെൽഫിയിലെ അപ്പോളൊ ദേവനെ സമീപിച്ചു. ജൊകാസ്തക്കു മകനുണ്ടാവുമെങ്കിൽ അവൻ തന്റെ പിതാവിനെ വധിക്കുമെന്നും മാതാവിനെ വിവാഹം ചെയ്യുമെന്നും അപ്പോളോ ദേവൻ പ്രവചിച്ചു. പ്രവചനം സത്യമാകാതിരിക്കാൻ അവർക്കു പിറന്ന കുട്ടിയെ അടുത്തുള്ള കിഥറോൺ മലയിൽ കൊണ്ടുപോയി കൊന്നുകളയാനായി ഒരു ഭൃത്യനെ ഏൽപ്പിച്ചു. ദയ തോന്നിയ ഭൃത്യൻ കുട്ടിയെ രഹസ്യമായി കോരിന്ദ് രാജ്യത്തിലെ ഒരു ഇടയനു കൈമാറി. കോരിന്ദിലെ ഇടയൻ മുഖേന രാജകൊട്ടാരത്തിലെത്തിയ കുട്ടി (ഈഡിപ്പസ്) കോരിന്ദ് രാജാവായ പോളിബസ് രാജാവിന്റെയും, മിറൊപ് റാണിയുടെയും പുത്രനായി വളർന്നു.


         വർഷങ്ങൾക്കു ശേഷം താൻ പോളിബസ് രാജാവിന്റെ മകനല്ലായെന്നു കേട്ട ഈഡിപ്പസ് തന്റെ മാതാപിതാക്കളോട് കേട്ട വാർത്തയെക്കുറിച്ചന്വഷിച്ചു. അവർ വാർത്ത സത്യമല്ല എന്നു പറഞ്ഞു. ആ മറുപടികൊണ്ടു തൃപ്തനാകാത്ത ഈഡിപസ് ഡൽഫിയിലെ പ്രവാചകനോട് കാര്യമാരാഞ്ഞു. പ്രവാചകൻ ഈഡിപ്പസ്സിന്റെ പിതൃത്വത്തെക്കുറിച്ചു വെളിപ്പെടുത്താൻ തയ്യാറായില്ല, ഇത്രമാത്രം പറഞ്ഞു,
നീ നിന്റെ പിതാവിനെ വധിക്കും; നിന്റെ മാതാവിനെ പരിണയിക്കും. പ്രവചനം സത്യമാകാതിരിക്കാൻ ഈഡിപ്പസ് ഡൽഫിയിൽ നിന്നും കൊരിന്ദിലേക്കു പോകേണ്ടതില്ലയെന്നും ഥീബ്സിലേക്കു പോകാമെന്നും തീരുമാനിച്ചു.ഥീബ്സിലേക്കുള്ള യാത്രാ മധ്യേ മൂന്നു പാതകൾ സന്ധിക്കുന്ന ദൗലിയ എന്ന സ്ഥലത്തിയപ്പോൾ എതിർദിശയിൽ നിന്നും രഥത്തിൽ വന്ന ലൈയ്സ് രാജാവുമായി ആരാദ്യം കടന്നു പോകും എന്നതിനെക്കുറിച്ചു തർക്കമുണ്ടായി. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ലൈയ്സ് രാജാവു കൊല്ലപ്പെട്ടു. പ്രവചനത്തിന്റെ ഒരു ഭാഗം ഫലിച്ചു- "ഈഡിപ്പസ് തന്റെ പിതാവിനെ വധിച്ചു". അപ്പോഴും ഈഡിപ്പസ് താൻ വധിച്ചതു ലൈയ്സ് രാജാവിനെയാണെന്ന് അറിയുന്നില്ല. ഈഡിപ്പസ്സും ലൈയ്സ് രാജാവും തമ്മിലുള്ള ഏറ്റുമുട്ടലിനു "ഒരേയൊരു" സാക്ഷിയുണ്ടായിരുന്നു-അതുവഴി കടന്നുപോയ ഒരു "അടിമ".

Oedipus and daughter Antigone


         സ്ഫിങ്സിന്റെ ചെയ്തികളിൽ നിന്നും രക്ഷപെട്ട ഥീബ്സ് ജനത രക്ഷകനായ ഈഡിപ്പസിനെ രാജാവായി അവരോധിച്ചു. തുടർന്നു ഈഡിപ്പസ് വിധവയായ ജൊകാസ്ത റാണിയെ വിവാഹം കഴിച്ചു. ഈഡിപ്പസ്-ജൊകാസ്ത ദമ്പതിമാർക്കു നാലു മക്കൾ; "ആണ്മക്കൾ-ഇട്യോക്ലെദസ്, പൊളീനിസെസ്, പെണ്മക്കൾ-ആന്റിഗെൺ, ഇസ്മേൻ". അങ്ങനെ പ്രവചനത്തിന്റെ മൂന്നാം ഭാഗവും സത്യമായിത്തീർന്നു. ഈഡിപ്പസിന്റെയും ജൊകാസ്തയുടെയും വിവാഹത്തിനു ശേഷം വർഷങ്ങൾ കഴിഞ്ഞു ഥീബ്സ് രാജ്യം വലിയ ഒരു ദുരിതം നേരിട്ടു.പ്രജാ‌-ക്ഷേമം ഉറപ്പു വരുത്താനാകാതെ നിരാശനായ ഈഡിപ്പസ് രാജാവ് പ്രജകൾക്കു മുന്നിൽ പരിഹാസ്യനാകുന്നു. അദ്ദേഹം ജൊകാസ്തയുടെ സഹോദരനായ ക്രയോണിനെ ദുരിതത്തിൽ നിന്നും രക്ഷപെടാനുള്ള ഉപായം കണ്ടെത്താൻ ഡൽഫിയിലേക്കയച്ചു. പഴയ രാജാവായിരുന്ന ലൈയ്സിന്റെ ഘാതകനെ കണ്ടെത്തി തക്ക ശിക്ഷനൽകിയാൽ ഥീബ്സ് ദുരിതത്തിൽനിന്നും രക്ഷനേടാമെന്നും ഈഡിപ്പസ് അറിയുന്നു. ഈഡിപ്പസ് ക്രയോണിന്റെ നിർദ്ദേശപ്രകാരം പഴയ രാജാവായിരുന്ന ലൈയ്സിന്റെ ഘാതകനെ കണ്ടെത്താൻ ഡൽഫിയിലെ അന്ധനായ പ്രവാചകൻ തെരേഷ്യാസിനെ കണ്ടു. കോപാകുലനായ തെരേഷ്യാസ് ലൈയ്സ് രാജാവിന്റെ ഘാതകനെ കണ്ടെത്താൻ ശ്രമിക്കുന്നത്  നല്ലതല്ലായെന്ന താക്കീതു നൽകി.  ശരിയായ മാതാ-പിതാക്കളെക്കുറിച്ചറിയാതെ ഇങ്ങനെ ജീവിക്കാൻ ലജ്ജയില്ലേയെന്നു വർദ്ദിത-കോപത്തോടെ തെരേഷ്യാസ് ചോദിച്ചുനിർത്തി. തെരേഷ്യാസിന്റെ സംഭാഷണങ്ങൾ ഈഡിപ്പസിനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന തരത്തിലുള്ളവയായിരുന്നു. മടങ്ങിയെത്തിയ ഈഡിപ്പസ് അക്കാരണം പറഞ്ഞു ക്രയോണുമായി ജൊകസ്തയുടെ സാന്നിദ്ധ്യത്തിൽ വഴക്കടിച്ചു.

Sphinx in Delphi Archaeological Museum [Left] ::  The Great Sphinx of Giza [Right]

         അതേ സമയം കോരിന്ദിൽ നിന്നുള്ള ദൂതൻ വന്നു പോളിബസ് രാജാവിന്റെ ചരമ വാർത്ത അറിയിച്ചു. ദുഖിതനായ ഈഡിപ്പസ് പിതാവിന്റെ മരണം തന്റെ തന്റെ കൈകൊണ്ടായില്ലല്ലോ എന്നാശ്വസിച്ചു. ഒപ്പം തന്റെ പിതാവിനെ വധിക്കുമെന്നും മാതാവിനെ വിവാഹം ചെയ്യുമെന്നുമുള്ള ഒരു പ്രവചനമുണ്ടായിരുന്നെന്നും അതിപ്പോൾ അസത്യമായി തീർന്നിരിക്കുന്നുവെന്നും പറഞ്ഞു. ഇത്രയും കേട്ടപ്പോൾതന്നെ എല്ലാം മനസ്സിലായ ജൊകാസ്ത തന്റെ കിടപ്പറയിലേക്കു പോയി ആത്മഹത്യ ചെയ്തു. പണ്ടു ഈഡിപ്പസ്സിനെ കിഥറൊൺ മലയിൽ കൊണ്ടുപോയി വധിക്കാൻ നിയോഗിക്കപ്പെട്ട ഭൃത്യനും ആ ഭൃത്യനിൽ നിന്നുംകുട്ടിയെ ഏറ്റെടുത്ത് പോളിബസ് രാജവിനു സമ്മാനിച്ചയാളും (കോരിന്ദിൽ നിന്നുള്ള ദൂതൻ) ചേർന്നു കാര്യങ്ങളുടെ നിജസ്ഥിതി ഈഡിപ്പസിനു മനസ്സിലാക്കിക്കൊടുത്തു. ജൊകാസ്തയെ തേടി കിടപ്പറയിലെത്തിയ ഈഡിപ്പസ് തന്റെ ഭാര്യ/മാതാവ് ആത്മഹത്യ ചെയ്യപ്പെട്ടതായി കാണുന്നു. തുടർന്നു ഈഡിപ്പസ് രാജാവ് അദ്ദേഹത്തിന്റെ കണ്ണുകൾ കുത്തിപ്പൊട്ടിച്ചു കളഞ്ഞു.


        പ്രസ്തുത യവന കഥയെ ആശ്രയിച്ചാണ്  'ഈഡിപ്പസ് കോം‌പ്ലെക്സ്' എന്ന പേര് സിഗ്മണ്ട് ഫ്രോയിഡ് തന്റെ സിദ്ധാന്തത്തിന് നൽകിയത്.  ഫ്രോയിഡിന്റെ  അഭിപ്രായത്തിൽ, മനുഷ്യന്റെ വംശോല്പത്തി ചരിത്രത്തിൽ അടിയുറച്ച(phylogenetic) സാർവലൗകിക പ്രതിഭാസമായ ഈഡിപ്പസ് കോം‌പ്ലെക്സാണ് അബോധമനസ്സിലെ പാപചിന്തയിൽ വലിയൊരംശത്തിന് ഉത്തരവാദി.

          ഈഡിപ്പസ് കോം‌പ്ലെക്സിന്റെ വിജയകരമായ പരിഹാരം വളർച്ചയുടെ ദൃഷ്ടിയിൽ അഭികാമ്യവും ലിംഗ, വ്യക്തി സത്തകളുടെ വികസനത്തിൽ പ്രധാനവുമാണെന്ന് ക്ലാസിക്കൽ മനോവിശ്ലേഷണം കരുതുന്നു.

Oedipus the King
          പരിഹരിക്കപ്പെടാതെ നിൽക്കുന്ന ഈഡിപ്പസ് കോം‌പ്ലെക്സ്, ഞരമ്പുരോഗം(neurosis), സ്വവർഗ്ഗരതി, ബാലപീഡനരതി(paedophilia) എന്നിവയിലേയ്ക്കു നയിച്ചേക്കാമെന്ന് ഫ്രോയിഡ് കരുതി.





SHARE:


© 2019 വിജിത്ത് ഉഴമലയ്ക്കൽ, Inc

No comments:

Post a Comment