മനുഷ്യന്റെ മനസ്, മസ്തിഷ്ക്കം, പെരുമാറ്റം എന്നിവ പ്രതിപാദിക്കുന്ന സൈദ്ധാന്തികവും പ്രായോഗികവുമായ ഒരു വിജ്ഞാന മേഖലയാണ് മനഃശാസ്ത്രം. വ്യക്തികളുടെ ദൈനംദിന ജീവിത പ്രശ്നങ്ങളും മാനസിക അസ്വസ്ഥതകളുമുൾപ്പെടെ ഒട്ടേറെ മേഖലകളിൽ മനഃശാസ്ത്രം വെളിച്ചം വീശുന്നു.
മനുഷ്യ പ്രകൃതിയേയും പെരുമാറ്റങ്ങളേയും വിശദീകരിക്കുന്നതിൽ സൂക്ഷ്മമായ മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നതിൽ മനഃശാസ്ത്രം ഇതരശാസ്ത്രങ്ങളായ സാമ്പത്തിക ശാസ്ത്രം, രാഷ്ട്രതന്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയേക്കാളേറെ വളരെ മുന്നിലാണ്. ഏതൊരു ശാസ്ത്രശാഖയേയും പോലെ മനഃശാസ്ത്രത്തിനും ഇതര വിജ്ഞാന മേഖലകളുമായി കൈകോർക്കേണ്ടി വന്നിട്ടുണ്ടെന്നതും വസ്തുതയാണ്. ഉദാഹരണത്തിന് മനഃശാസ്ത്രം നാഡീശാസ്ത്രത്തിൽ നിന്നും ഏറെ ഭിന്നമാണ്. നാഡീശാസ്ത്രമാകട്ടെ മാനസിക-മസ്തിഷ്ക്ക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ് താനും. അതുകൊണ്ടുതന്നെ ഈ രണ്ട് ശാസ്ത്രശാഖകളേയും സമന്വയിപ്പിച്ച് കൊണ്ട് രൂപപ്പെട്ടതാണ് ന്യൂറോസൈക്കോളജി. ഇത് നാഡീപ്രവർത്തനങ്ങളെയും അതിൽ മനസ്സിനുള്ള സ്വാധീനത്തെയും കുറിച്ച് പ്രതിപാദിക്കുന്നു. പ്രാചീന ഗ്രീക്ക് ഭാഷയിലെ "ആത്മാവ്" (soul) എന്നർത്ഥമുള്ള "സൈക്ക്"(psyche), "പഠനം" എന്നർത്ഥമുള്ള "ഓളജി"(ology) എന്നീ വാക്കുകളിൽ നിന്നാണ് സൈക്കോളജി(മനഃശാസ്ത്രം) എന്ന പദമുണ്ടായത്.
ഗ്രീക്ക് അക്ഷരമാലയിലെ സൈ അക്ഷരം, ആധുനിക മനഃശാസ്ത്രത്തെ സൂചിപ്പിക്കുന്നു.
Psi : Symbol in Greek Alphabet to represent the Psychology |
മനഃശാസ്ത്രത്തിന്റെ വ്യാപ്തി
(a). ഗവേഷണ മനഃശാസ്ത്രം(Research Psychology)
- അബ്നോർമൽ മനഃശാസ്ത്രം(Abnormal Psychology)
- ജൈവിക മനഃശാസ്ത്രം
- അവബോധ മനഃശാസ്ത്രം(Cognitive Psychology)
- താരതമ്യ മനഃശാസ്ത്രം(Comparative Psychology)
- അഭിവൃദ്ധി മനഃശാസ്ത്രം(Development Psychology)
- വ്യക്തിത്വ മനഃശാസ്ത്രം(Personality Psychology)
- സാമൂഹ്യ മനഃശാസ്ത്രം(Social Psychology)
- ക്ലിനിക്കൽ മനഃശാസ്ത്രം(Clinical Psychology)
- കൌൺസലിംഗ് മനഃശാസ്ത്രം(Counseling Psychology)
- വിദ്യാഭ്യാസ മനഃശാസ്ത്രം(Educational Psychology)
- ഫോറൻസിക് മനഃശാസ്ത്രം(Forensic Psychology)
- ആരോഗ്യ മനഃശാസ്ത്രം(Health Psychology)
- വ്യാവസായിക-സംഘാടന മനഃശാസ്ത്രം(Industrial and Organizational Psychology)
- വിദ്യാലയ മനഃശാസ്ത്രം(School Psychology)
- നിയന്ത്രിത പരീക്ഷണങ്ങൾ(Controlled Experiments)
- കോറിലേഷൻ പഠനങ്ങൾ(Correlation Studies)
- ദേശാന്തര പഠനങ്ങൾ(Longitudinal Studies)
- ന്യൂറോസൈക്കോളജി രീതികൾ(Neuro Psychological Experiments)
മനഃശാസ്ത്രത്തിന്റെ വികാസം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ മനശാസ്ത്രത്തെ ഫിലോസഫിയുടെ ഉപശാഖയായിട്ടാണ് കണക്കാക്കിയിരുന്നത്. 1879ൽ വിൽഹെം വൂണ്ഡ് (Wilhelm Wundt)ജർമ്മനിയിലെ ലീപ്സിഗ് യൂണിവേഴ്സിറ്റിയിൽ മനശാസ്ത്രപഠനങ്ങൾക്കായി ഒരു പരീക്ഷണശാല ആരംഭിച്ചു. പിന്നീട് വില്ല്യം ജയിംസ് 1890കളിൽ മനശാസ്ത്രത്തിന്റെ തത്ത്വങ്ങൾ (Principles of Psychology) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. അന്നുവരെ മനശാസ്ത്രജ്ഞർ അന്വേഷിച്ചിരുന്ന പല സമസ്യകൾക്കും ഒരു പരിഹാരം കൂടിയായിരുന്നു ആ ഗ്രന്ഥം. മനശാസ്ത്രത്തിലേക്ക് ആദ്യകാല സംഭാവനകൾ നൽകിയവരിൽ ഇവാൻ പാവ്‌ലോവ്, ഹെർമൻ എബ്ബിംഗസ് എന്നിവർ ഉൾപ്പെടുന്നു.
മന:ശാസ്ത്ര പഠനരീതികള്‍ (Methods for of Psychological Studies)
- അന്തര്‍ദര്‍ശനം ( introspection)
ഒരാള്‍ തന്റെ മനസ്സിലുള്ള കാര്യങ്ങള്‍ സ്വയം വിവരിക്കുന്ന രീതി.ഇതിലൂടെ അയാളുടെ മനസ്സില്‍ നടക്കുന്നത് എന്തെന്ന് അറിയാനാവും എന്ന് കരുതപ്പെടുന്നു.
വില്യം വുണ്ടും വില്യം ജെയിംസും ഈ രീതി ഉപയോഗിക്കുകയുണ്ടായി.
എന്നാല്‍ ഈ രീതി ഒട്ടും വിശ്വസനീയമല്ലെന്ന് മറ്റു പലരും കരുതി.കുട്ടികള്‍, അബ് നോര്‍മലായ മുതിര്‍ന്നവര്‍, വൈകാരികമായ അവസ്ഥയില്‍ അകപ്പെട്ടവര്‍ എന്നിവര്‍ക്ക് വസ്തുനിഷ്ഠമായ ഒരു വിവരണം നല്‍കാന്‍ കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ അവര്‍ നല്‍കുന്ന വിവരങ്ങള്‍ വിശ്വസനീയമല്ല.
- നിരീക്ഷണം ( observation)
പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള നേരിട്ടുള്ള വിവരശേഖരണം.
വിവരശേഖരണത്തിന് പല രീതികള്‍ അനുവര്‍ത്തിക്കാം. നേരിട്ടുള്ളത് /അല്ലാത്തത്, നിയന്ത്രിതം / അനിയന്ത്രിതം, പങ്കാളിത്തപരം /അല്ലാത്തത് എന്നിവ ഉദാഹരണം.
സ്വാഭാവികമായ വിവരശേഖരണം എന്ന മികവ് ഈ രീതിക്കുണ്ട്.
- അഭിമുഖം ( interview)
മുഖാമുഖത്തിലൂടെ വിവരശേഖരണം നടത്തുന്ന രീതിയാണിത്. നേരിട്ടും ടെലഫോണിലൂടെയും ഇന്റര്‍നെറ്റ് വഴിയുമൊക്കെ അഭിമുഖം നടത്താം.
ഇന്റര്‍വ്യൂവും പല തരത്തിലാവാം. ക്രമീകൃതമായത് /അര്‍ധക്രമീകൃതമായത് / ക്രമീകൃതമല്ലാത്തത് എന്നത് ഒരു തരംതിരിവാണ്
- ഉപാഖ്യാനരീതി ( anecdotal method)
ഒരാള്‍ ചില പ്രത്യേകസന്ദര്‍ഭങ്ങളില്‍ എങ്ങനെ പെരുമാറുന്നു എന്ന് പഠിക്കുന്നത് ഉപാഖ്യാനരീതിക്ക് ഉദാഹരണമാണ്. ഇതിലൂടെ അയാളുടെ വ്യക്തിത്വത്തെ സംബന്ധിച്ച പല വിലപ്പെട്ട സൂചനകളും ലഭിക്കുന്നു.
ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ നിരീക്ഷകന്‍ അപ്പപ്പോള്‍ രേഖപ്പെടുത്തുന്നു. ഇത് രണ്ട് കോളത്തില്‍ ചെയ്യാം. ഒന്നാം കോളത്തില്‍ സംഭവവിവരണവും രണ്ടാം കോളത്തില്‍ അതിന്റെ വ്യാഖ്യാനവും.
സ്കൂള്‍ അധ്യാപകരെ സംബന്ധിച്ച് കുട്ടികളെ മനസ്സിലാക്കാന്‍ വളരെ ഉപകാരപ്പെടുന്ന രീതിയാണിത്.
- സഞ്ചിതരേഖാരീതി ( cumulative record)
ഒരു വ്യക്തിയെ സംബന്ധിച്ച വിവിധ വിവരങ്ങള്‍ തുടര്‍ച്ചയായി രേഖപ്പെടുത്തുന്ന രീതിയാണിത്. ഉദാഹരണമായി ശാരീരികസ്ഥിതികള്‍, ആരോഗ്യനില, പഠനനേട്ടങ്ങള്‍,വ്യക്തിത്വസവിശേഷതകള്‍ എന്നിവ. വിദ്യാഭ്യാസരംഗത്ത് കുട്ടികളുടെ സമഗ്രമായ വിലയിരുത്തലിന് ഇത് സഹായിക്കും. അതുവഴി കുട്ടി ഏത് മേഖലയില്‍ പഠനം തുടരുന്നതാണ് ഗുണകരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ കുട്ടിയെയും രക്ഷിതാവിനെയുംസഹായിക്കാനാവും.
- പരീക്ഷണരീതി ( experimental method)
ഇതില്‍ മനുഷ്യന്റെ ഒരു വ്യവഹാരത്തില്‍ വരുന്ന മാറ്റം മറ്റൊന്നില്‍ എന്ത് മാറ്റമുണ്ടാക്കുന്നു എന്നു പഠിക്കുന്നു. ഇതില്‍ ആദ്യത്തെ ഘടകത്തെ സ്വതന്ത്രവ്യതിരേകം (independent variable) എന്നും രണ്ടാമത്തെ ഘടകത്തെ പരതന്ത്രവ്യതിരേകം (dependent variable)എന്നും പറയുന്നു. രണ്ടാമത്തെ ഘടകത്തില്‍ വരുന്ന മാറ്റത്തെ അതിനെ നേരിട്ട് വ്യക്തമാക്കുന്ന ഏതെങ്കിലും വ്യവഹാരത്തില്‍ വരുന്ന മാറ്റത്തിലൂടെ അളന്നെടുക്കുന്നു.
പരീക്ഷണം നടത്തുന്നതിനായി വ്യക്തികളെ രണ്ടു ഗ്രൂപ്പുകളാക്കുന്നു.ആദ്യഗ്രൂപ്പിനെ പരീക്ഷണഗ്രൂപ്പായും രണ്ടാമത്തെ ഗ്രൂപ്പിനെ നിയന്ത്രിതഗ്രൂപ്പായും കണക്കാക്കുന്നു. പരീക്ഷണഗ്രൂപ്പില്‍ വരുന്ന മാറ്റത്തെ നിയന്ത്രിതഗ്രൂപ്പിന്റെ മാറ്റവുമായി താരതമ്യം ചെയ്യുന്നു.അതിലൂടെ പരീക്ഷണഫലം നിര്‍ണയിക്കുന്നു.
- ഏകവ്യക്തിപഠനം ( case study)
ഒരു വ്യക്തിയെ സംബന്ധിച്ച ആഴത്തിലുള്ള പഠനമാണിത്. ഇതിനായി പല തന്ത്രങ്ങളും ഉപയോഗിക്കേണ്ടതായി വരും. പലതരം വിവരങ്ങള്‍ ശേഖരിക്കേണ്ടതായി വരും. ചില പ്രത്യേകതകളുള്ള കുട്ടികളെ സംബന്ധിച്ച് പഠിക്കാന്‍ ഇത് സഹായിക്കും. ഉദാഹരണമായി അന്തര്‍മുഖനായ ഒരു കുട്ടി.
- സര്‍വെ (survey)
ഒരുവിഭാഗം ആള്‍ക്കാര്‍ക്കിടയില്‍ ഒരു പ്രത്യേക കാര്യത്തോടുള്ള സമീപനം എന്തെന്നു മനസ്സിലാക്കാന്‍ സര്‍വെ ഉപകരിക്കുന്നു.രക്ഷിതാക്കള്‍ക്ക് / ഉപഭോക്താക്കള്‍ക്ക് ഇടയിലൊക്കെ സര്‍വെ നടത്താറുണ്ട്. സര്‍വെയിലൂടെ ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി നിഗമനങ്ങളില്‍ എത്തിച്ചേരുന്നു.
- ക്രിയാഗവേഷണം ( action research)
ഏതെങ്കിലും പ്രത്യേകമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടത്തുന്ന ഗവേഷണപ്രവര്‍ത്തനമാണ് ഇത്.
മന:ശാസ്ത്ര പഠനോപാധികള്‍ (Tools for of Psychological Studies)
1. ചെക് ലിസ്റ്റ് (check list)
വിവിധ വ്യവഹാരങ്ങള്‍, കഴിവുകള്‍, താത്പര്യമേഖലകള്‍ തുടങ്ങിയവ വിലയിരുത്താനും കണ്ടെത്താനും ഉപയോഗിക്കുന്നു.പഠനോദ്ദേശവുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ / സവിശേഷതകളുടെ ചെക് ലിസ്റ്റ് തയ്യാറാക്കുന്നു. ഒരു ഇനം ബാധകമെങ്കില്‍ അതിനു നേരെ ടിക് ചെയ്യുന്നു. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിന്‍ ചില നിഗമനങ്ങളിലെത്തുന്നു
2. റേറ്റിങ്ങ് സ്കെയില്‍ (rating scale)
ഇതില്‍ ഒരോ സവിശേഷതയുടെയും നിലയെ സൂചിപ്പിക്കുന്ന പോയിന്റുകള്‍ / ഗ്രേഡ് / നിലവാരസൂചിക നല്‍കിയിരിക്കും. 3,5,7തുടങ്ങിയ പോയിന്റുകള്‍ ആണ് സാധാരണ നല്‍കാറുള്ളത്.
3. ചോദ്യാവലി ( questionnaire)
ഒരു വലിയ പ്രശ്നത്തിന്റെ വിശദാംശങ്ങള്‍ തേടാന്‍ കുറേയേറെ ചോദ്യങ്ങള്‍ തയ്യാറാക്കിയാല്‍ ചോദ്യാവലിയായി. സര്‍വേകളില്‍ ഇത്തരം ചോദ്യാവലികളാണ് ഉപയോഗിക്കുന്നത്. പ്രതികരിക്കുന്ന വ്യക്തിക്ക് എഴുതിയോ പറഞ്ഞോ മറുപടി നല്‍കാം.
4. മന:ശാസ്ത്രശോധകം ( psychological tests)
വ്യക്തികളുടെ ബുദ്ധി, വ്യക്തിത്വം, വികാരം തുടങ്ങിയവ കണ്ടെത്താന്‍ ശാസ്ത്രീയമായി തയ്യാറാക്കിയ ശോധകങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഇവയാണ് മന:ശാസ്ത്രശോധകങ്ങള്‍. ഇവ വാചികം, ലിഖിതം,നിര്‍വഹണം എന്നിങ്ങനെ മൂന്നു രീതികളിലാവാം.
5. സാമൂഹ്യാലേഖനരീതി ( sociometry)
വ്യക്തികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ബന്ധങ്ങളെ സംബന്ധിച്ച വിവരം ലഭിക്കാന്‍ ഈ രീതി പ്രയോജനപ്പെടും. വ്യക്തികള്‍ തങ്ങള്‍ക്ക് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരുടെ പേരുകള്‍ എഴുതുകയാണെങ്കില്‍ കൂടുതല്‍ പേര്‍ ആരെയാണ് തെരഞ്ഞടുത്തതെന്ന് അറിയാനാകും. ഇവരാണ് stars. പരസ്പരം തെരഞ്ഞെടുത്ത ചെറുഗ്രൂപ്പുകളെയും ഇതിലൂടെ കണ്ടെത്താം. അത്തരം ഗ്രൂപ്പുകളാണ് cliques. ആരും തെരഞ്ഞടുക്കാത്തവരും ഉണ്ടായേക്കാം.അവരാണ് isolates.