സർക്കാർ ജീവനക്കാർക്ക് സാർവത്രിക ആരോഗ്യസേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമായി കേരള സർക്കാർ പ്രഖ്യാപിച്ച നിർണായകമായ സമഗ്ര ആരോഗ്യ പദ്ധതിയാണ്
. 2019 ജൂൺ ഒന്നിന് മെഡിസെപ് നടപ്പിൽവന്നു.
ഏറ്റവും കുറഞ്ഞ വാർഷിക പ്രീമിയം തുകയായ 2992.48 രൂപ (ജിഎസ്ടി അടക്കം) രേഖപ്പെടുത്തിയ റിലയൻസ് ഇൻഷുറൻസ് കമ്പനിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല നൽകിയിട്ടുള്ളത്. 2017‐18 ലെ ബജറ്റ് പ്രസംഗത്തിലാണ്
പ്രഖ്യാപിച്ചത്. ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരമുള്ള കമ്പനികളിൽ നിന്ന് താൽപ്പര്യപത്രം ക്ഷണിച്ച്, അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ e-Tender വിളിക്കുകയും, അതിൻറെ അടിസ്ഥാനത്തിൽ പൊതുമേഖയിലെ മൂന്നെണ്ണമടക്കം അഞ്ച് കമ്പനികകൾ ടെണ്ടറിൽ പങ്കെടുക്കുകയും ചെയ്തു. ജനറൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് 9438.82 രൂപയും, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് 17,700 രൂപയും, ഓറിയൻറൽ കമ്പനി ലിമിറ്റഡ് 6772 രൂപയും, നാഷണൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് 7298.30 രൂപയുമാണ് വാഷികപ്രിമിയമായി ആവശ്യപ്പെട്ടത്. ടെന്‍ഡറുകള്‍ പരിശോധിച്ചശേഷം ഏറ്റവും കുറഞ്ഞ പ്രീമിയം ആവശ്യപ്പെട്ട റിലയന്‍സിനെ ധനവകുപ്പ് ശുപാര്‍ശ ചെയ്യുകയായിരുന്നു.
ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 250 രൂപയാണ് പ്രീമിയമായി ഈടാക്കുന്നത്. പെൻഷൻകാർക്ക് മെഡിക്കൽ അലവൻസായി നൽകുന്ന 300 രൂപയിൽ നിന്ന് ഈ തുക കുറയ്ക്കും. ഇൻഷ്വറൻസ് പ്രീമിയം മൂന്നു ഗഡുക്കളായി സർക്കാർ ഇൻഷ്വറൻസ് കമ്പനിക്ക് മുൻകൂറായി നൽകും. ഒപി ചികിത്സകൾക്ക് നിലവിലുള്ള മെഡിക്കൽ റീ ഇംപേഴ്സ്മെന്റ് പദ്ധതി തുടരും. മൂന്നു വര്‍ഷമാണ് ഈ പദ്ധതിയുടെകാലാവധി.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിൽ നിയമനാംഗീകാരം ലഭിക്കാത്ത ജീവനക്കാർക്ക് അംഗത്വമില്ല. ഒരേ വീട്ടിൽ രണ്ടു സർക്കാർ ജീവനക്കാരുണ്ടെങ്കിൽ ആശ്രിതരെ ചേർക്കുന്നതിനും കർശന നിബന്ധനകളുണ്ട്. മെഡിസെപിൽ ചേരുന്നവർക്കായി സർക്കാരിറക്കിയ പുതിയ മാനദണ്ഡങ്ങളിലാണ് ഈ നിർദേശമുള്ളത്.
എയ്‌ഡഡ് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന നിയമനാംഗീകാരം ലഭിക്കാത്തവരെ അംഗീകാരം ലഭിക്കുമ്പോൾ മാത്രമേ പദ്ധതിയിൽ ചേർക്കാവൂ. ഇതിനകം ഇത്തരക്കാരെ ചേർത്തിട്ടുണ്ടെങ്കിൽ വിവരം ഉടൻ ധനകാര്യവകുപ്പിനെ അറിയിക്കണം. സർക്കാർ ജീവനക്കാരായ ദമ്പതിമാർ അവരുടെ ആശ്രിതരുടെ പേരുകൾ ചേർക്കുമ്പോൾ രണ്ടുപേരും മക്കളുടെ പേരുകൾ ചേർക്കുന്നതിനും വിലക്കുണ്ട്. രണ്ടു മക്കൾ സർക്കാർ ജീവനക്കാരായിട്ടുള്ളവർ രണ്ടുപേരും മാതാപിതാക്കളെ ആശ്രിതരുടെ പട്ടികയിലുൾപ്പെടുത്താനും പാടില്ല. പുനർവിന്യസിക്കപ്പെട്ട പെൻഷൻകാർ നിലവിൽ സർക്കാർ ജീവനക്കാരുടെ പട്ടികയിലുൾപ്പെട്ടിട്ടുണ്ടെങ്കിൽ പെൻഷൻ വിഭാഗത്തിലേക്ക് മാറ്റണം.
വിവരങ്ങൾ സ്റ്റാറ്റസ് ലിങ്ക് വഴി പരിശോധിച്ച് മാറ്റമുണ്ടെങ്കിൽ പെൻഷൻകാർ ട്രഷറി ഓഫീസറെയും ജീവനക്കാർ ഡി.ഡി.ഒ.യോ നോഡൽ ഓഫീസറെയോ അറിയിക്കണം എന്നാണ് നിർദേശം.
1. അടിസ്ഥാന പരിരക്ഷ:- ഓരോ കുടുംബത്തിനും ഇൻഷ്വറൻസ് കാലയളവിൽ വർഷം രണ്ട് ലക്ഷം രൂപയുടെ അടിസ്ഥാന ഇൻഷ്വരൻസ് പരിരക്ഷ.
2. അധിക പരിരക്ഷ:- അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സയ്ക്ക് മൂന്നു വർഷത്തേക്ക് ഒരു കുടുംബത്തിന് പരമാവധി ആറ് ലക്ഷം രൂപയാണ് അധിക പരിരക്ഷ. അടിസ്ഥാന പരിരക്ഷയ്ക്ക് പുറമെയാണിത്.
3. അധിക സഹായം:- അധിക പരിരക്ഷയും ചികിത്സ ചെലവിന് തികയുന്നില്ലെങ്കിൽ പോളിസി കാലയളവിൽ ഒരു കുടുംബത്തിന് പരാമാവധി മൂന്ന് ലക്ഷം രൂപ കൂടി അധിക സഹായമായി കിട്ടും. ഇതിനായി ഇൻഷ്വറൻസ് കമ്പനി വർഷം 25 കോടി രൂപയുടെ സഞ്ചിത നിധി രൂപീകരിക്കും.
ഗുണഭോക്താക്കൾ ആരെല്ലാം:-
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ പാര്‍ട്ടൈം കണ്ടിജന്‍റ് ജീവനക്കാര്‍, എയ്ഡഡ്മേഖലയിലേത് അടക്കമുള്ള അധ്യാപകര്‍, അനധ്യാപകര്‍, പാര്‍ടൈം അധ്യാപകര്‍, തദ്ദേശഭരണ സ്ഥാപനം, സര്‍വകലാശാല, ഹൈക്കോടതി എന്നിവയിലെ ജീവനക്കാര്‍, പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍, മുകളിൽ പറയുന്ന വിഭാഗങ്ങളിലെ പെന്‍ഷന്‍കാരും കുടുംബ പെന്‍ഷന്‍കാരുമാണ് മെഡിസെപിന്‍റെ ഗുണഭോക്താക്കള്‍. ഇവരുടെ ചട്ടപ്രകാരമുള്ള ആശ്രിതര്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. മൊത്തം 11 ലക്ഷം ജീവനക്കാരും അവരുടെ ആശ്രിതരും. ഇതിനായി 1823 ചികിത്സാ പാക്കേജുകൾ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
ആർഎസ്ബിവൈ, ആയുഷ്മാൻ ഭാരത്, കാരുണ്യ, താലോലം തുടങ്ങിയുള്ള ആരോഗ്യക്ഷേമപദ്ധതികളെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ "കാരുണ്യ സാർവത്രിക ആരോഗ്യ സുരക്ഷാ പദ്ധതി’ കേരള സർക്കാർ ഇതിനോടകം നടപ്പാക്കിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ആർഎസ്ബിവൈയിൽ അംഗങ്ങളായിട്ടുള്ള 42 ലക്ഷം കുടുംബങ്ങൾക്ക് പുതിയ പദ്ധതിയിൽ അർഹതയുണ്ട്. ആരോഗ്യ ഇൻഷുറൻസുള്ള ജീവനക്കാരെയും പെൻഷൻകാരെയും മാറ്റിനിർത്തിയാൽ പിന്നെയും ബാക്കിവരുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സ്വന്തം കൈയിൽനിന്ന് പ്രീമിയം അടച്ച് ഈ പദ്ധതിയിൽ അംഗത്വം എടുക്കുകയും ചെയ്യാം. അങ്ങനെ കേരളത്തിലെ മുഴുവൻ കുടുംബങ്ങളെയും ഉൾക്കൊള്ളിക്കുന്ന സാർവത്രിക ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് മെഡിസെപ്പിലൂടെ നടപ്പിൽ വന്നിരിക്കുന്നത്.
കേരളാ ആരോഗ്യ മോഡൽ 2.0
ജനങ്ങൾക്ക് താൽക്കാലികാശ്വാസം നൽകാനായി ഇൻഷുറൻസ് പദ്ധതി വിപുലീകരിച്ച് കുറ്റമറ്റരീതിയിൽ നടപ്പാക്കുക, അതേ അവസരത്തിൽ ദീർഘകാല പരിപ്രേക്ഷ്യത്തിന്റെ ഭാഗമായി, സർക്കാർ ആശുപത്രികൾ മെച്ചപ്പെടുത്തി സേവനം വിപുലീകരിക്കുക എന്ന സമീപനമാണ് കേരള സർക്കാർ സ്വീകരിച്ചുവരുന്നത്. എന്നാൽ, കേന്ദ്രസർക്കാരാകട്ടെ സംസ്ഥാനങ്ങളുടെ ചെലവിൽ പരോക്ഷമായി പൊതുഫണ്ട് സ്വകാര്യമേഖലയിലേക്കെത്തിക്കുന്ന 'ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയിൽ' മാത്രം ശ്രദ്ധകേന്ദ്രീകരിച്ച്, പൊതുജനാരോഗ്യ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചു വരുന്നത്. പൊതുജനാരോഗ്യത്തിനായുള്ള വിഹിതം മോഡി സർക്കാരിന്റെ അവസാന ബജറ്റിലും കുറച്ചിരിക്കുന്നത് ഇതിന് അടിവരയിടുന്നു. കേന്ദ്ര പൊതുമേഖലാ ഔഷധ കമ്പനികളായ ഐഡിപിഎല്ലും ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്കും കേന്ദ്രസർക്കാർ അവഗണനമൂലം അടച്ചുപൂട്ടൽ ഭീഷണിയെ നേരിട്ടുവരികയാണ്.
അവശ്യമരുന്നുൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിച്ച് വികസ്വര രാജ്യങ്ങളുടെ ഫാർമസി എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യൻ ഔഷധമേഖല സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലത്തെപോലെ പൂർണമായും ബഹുരാഷ്ട്ര കുത്തകകളുടെ മേധാവിത്വത്തിലായിരിക്കയാണ്. കേരളത്തിലാകട്ടെ ആർദ്രം പദ്ധതിയിലൂടെ പ്രാഥമികാരോഗ്യകേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള സർക്കാർ ആശുപത്രികൾ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചും ഡോക്ടർമാർ, നേഴ്സുമാർ തുടങ്ങിയ മനുഷ്യവിഭവശേഷി ലഭ്യമാക്കിയും ഇതിനകം സേവന നിലവാരത്തിൽ വമ്പിച്ച നേട്ടങ്ങൾ കൈവരിച്ച് കഴിഞ്ഞിട്ടുണ്ട്.
സംസ്ഥാനത്തെ ഏഴ് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ്സ് സ്റ്റാൻഡേർഡ് അംഗീകാരം ലഭിച്ചതോടെ ഇതുവരെ സംസ്ഥാനത്തെ 21 ആശുപത്രികൾക്ക് ഈ ബഹുമതി ലഭിച്ചിട്ടുണ്ട്. ഇതിനകം സർക്കാർ ആശുപത്രികളിൽ സേവനത്തിനായെത്തുന്നവരുടെ ശതമാനം 28 ൽ നിന്ന് 40 ശതമാനമായി വർധിച്ചിട്ടുണ്ട്. അടുത്ത രണ്ട് വർഷത്തിനകം 50 ശതമാനം പേർക്കെങ്കിലുംസർക്കാർ ആശുപത്രി സേവനം ഉറപ്പാക്കാനുള്ള ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനുള്ള വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണ്. ആരോഗ്യസേവനത്തിന്റെ ലഭ്യത, പ്രാപ്യത എന്നിവ സാമ്പത്തിക ബാധ്യതയില്ലാതെ എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് സാർവത്രിക ആരോഗ്യ സേവനംഎന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തെ ലോകാരോഗ്യദിനങ്ങളിൽ ലോകാരോഗ്യ സംഘടന സാർവത്രിക ആരോഗ്യസേവനത്തിന്റെ പ്രസക്തിയെ സംബന്ധിച്ചുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. സർക്കാർ ആശുപത്രി വികസനവും ആരോഗ്യ ഇൻഷുറൻസും സമന്വയിപ്പിച്ചുകൊണ്ടുള്ള സമീപനം പിന്തുടരുന്നതുകൊണ്ട് സാർവത്രികവും സമഗ്രവുമായ ആരോഗ്യസേവനം എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം മാത്രമല്ല, വികസ്വരരാജ്യ പ്രദേശങ്ങളിലൊന്നായി കേരളം മാറിക്കൊണ്ടിരിക്കയാണെന്ന് ശുഭാപ്തിവിശ്വാസത്തോടെ പറയാൻ കേരളം പ്രാപ്തമായിരിക്കുന്നു.
കിടത്തിച്ചികിത്സയ്ക്കു മാത്രമേ ഇൻഷുറൻസ് പരിരക്ഷയുള്ളൂ. എന്നാൽ ഇൻഷുറൻസിൽ ചേരുമ്പോൾ ഏതെങ്കിലും അസുഖം ഉണ്ടെങ്കിൽ അതിനും പരിരക്ഷ ലഭിക്കും. കാരുണ്യ ഇൻഷുറൻസ് അംഗങ്ങൾക്ക് ജനറൽ വാർഡിലാണു ചികിത്സ. ജീവനക്കാർക്കും പെൻഷൻകാർക്കും പേവാർഡ് എടുക്കാം. ജീവനക്കാർക്കുംപെൻഷൻകാർക്കും 3 വർഷത്തേക്ക് 6 ലക്ഷം രൂപയും കാരുണ്യയിൽ അംഗമാകുന്നവർക്കുവർഷം 2 ലക്ഷം രൂപയുമാണു കവറേജ്. കൂടുതൽ തുക ചെലവാകുന്നുണ്ടെങ്കിൽ അതിനു പ്രത്യേകം അപേക്ഷ നൽകിയാൽ സർക്കാർ സഹായം നൽകും. ജീവനക്കാരും പെൻഷൻകാരും മാസം 300 രൂപ വീതം നൽകണം. കാരുണ്യ പദ്ധതിയിൽ അംഗമാകുന്നവരിൽ നിന്നു വർഷം 50 രൂപയിൽ താഴെ ഈടാക്കിയേക്കും.
മെഡിസെപ്: അംഗത്വം നിർബന്ധം
സംസ്ഥാന സർക്കാർ ജീവനക്കാർക്കും സർവീസ്പെൻഷൻകാർക്കും നിർദിഷ്ട ആരോഗ്യ പദ്ധതിയിൽ (മെഡിസെപ്) അംഗത്വം നിർബന്ധം. വിശദാംശങ്ങൾ നൽകാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പെൻഷൻകാരുടെ ചികിത്സാ അലവൻസിൽ നിന്നും പ്രീമിയം തുക പദ്ധതി ആരംഭിക്കുന്ന മാസം മുതൽ കുറവുവരുത്തും. അംഗത്വ അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്കുമാത്രമേ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കൂ.
നിർദിഷ്ട ആരോഗ്യ ഇൻഷുറൻസ്പദ്ധതിയിൽനിന്ന് ഏതെങ്കിലും വിഭാഗത്തെ ഒഴിവാക്കുന്ന കാര്യം പരിശോധിക്കുന്നതിന് ഇ.സി.എച്ച്.എസ്. ഉൾപ്പെടെ മറ്റേതെങ്കിലും ഇൻഷുറൻസ് പദ്ധതിയുടെ പരിരക്ഷയുള്ള എല്ലാ ജീവനക്കാരും പെൻഷൻകാരും പൂർണമായ വിവരങ്ങൾ ലഭ്യമാക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന ഇൻഷുറൻസ് കമ്പിനിക്ക് ഗുണഭോക്താക്കളെ സംബന്ധിച്ച വിവരങ്ങൾ കൈമാറേണ്ടതുണ്ട്.
MEDISEP-ൽ പേര് ഉൾപ്പെടുത്തിയോ എന്ന് പരിശോധിക്കേണ്ട വിധം
മെഡിസെപ്പ് സൈറ്റിൽ പേര് രജിസ്റ്റർചെയ്ത് വന്നിട്ടുണ്ടോ എന്ന് ഇതു വരെയും പരിശോധിച്ചിട്ടില്ലാത്ത ജീവനക്കാർ
https://medisep.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത്
'status' എന്ന മെനു ക്ലിക്ക് ചെയ്യുക.
1. 'Employee' സെലക്ട് ചെയ്യുക
2. 'PEN Number' എന്റർ ചെയ്യുക.
3. Date of Birth (dd/mm/yyyy) എന്റർ ചെയ്യുക.
4. അടുത്ത ലൈനിൽ Department (REVENUE / Land Board/ Survey & Land records) select ചെയ്യുക.
5. Search അമർത്തുക...
*ഡൗൺലോർഡ് ആയി വരുന്ന Details ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക.
|
Frequently Asked Questions |
1. സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നത് നിര്‍ബന്ധമാണോ? ആയതിലേക്കുള്ള അപേക്ഷ എല്ലാപെന്‍ഷന്‍കാരും നല്‍കേണ്ടതുണ്ടോ?
24.04.2017 തീയതിയിലെ സ.ഉ (അച്ചടി) നം.54/2017/ധന ഉത്തരവുപ്രകാരം സംസ്ഥാന കേഡറില്‍ ജോലിചെയ്യുന്ന അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ ഒഴികെയുള്ള എല്ലാ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുംനിര്‍ബന്ധമായി പ്രസ്തുത പദ്ധതിയിലെ അംഗത്വം വ്യവസ്ഥചെയ്തിരിക്കുന്നു. ആയതിനാല്‍ പാർട്ട്ടൈം കണ്ടിജന്റ്/എക്സ്ഗ്രേഷ്യാ/ പേഴ്സണൽ സ്റ്റാഫ് പെൻഷൻ/കുടുംബപെൻഷൻകാർ ഉൾപ്പെടെയുള്ള എല്ലാ പെന്‍ഷന്‍കാരും അവരെ സംബന്ധിച്ചുള്ള വിവരങ്ങൾ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നല്‍കേണ്ടതുണ്ട്. സംസ്ഥാന കേഡറില്‍ ജോലി ചെയ്യുന്ന അഖിലേന്ത്യാ സര്‍വ്വീസ്ഉ ദ്യോഗസ്ഥര്‍/പെന്‍ഷന്‍കാര്‍/കുടുംബപെൻഷൻകാർ എന്നിവർക്ക് പദ്ധതി ഓപ്ഷണല്‍ ആണ്.
2. പ്രസ്തുത പദ്ധതിയില്‍ പെൻഷൻകാരുടെ ആശ്രിതരായി പരിഗണിക്കുന്നവര്‍ ആരൊക്കെയാണ്?
(a) പങ്കാളി. (സംസ്ഥാനസർക്കാർ/സർവകലാശാലാ/തദ്ദേശസ്വയംഭരണ ജീവനക്കാര്‍, സർവ്വീസ്/സർവകലാശാലാ/തദ്ദേശസ്വയംഭരണ പെൻഷന്‍കാര്‍ എന്നിവർ പ്രസ്തുതവിവരം രേഖപ്പെടുത്തേണ്ടതും കൂടാതെ പദ്ധതിയിൽ പ്രത്യേകമായി പ്രധാന അംഗമായി ചേരേണ്ടതുമാണ്.)
(b) ശാരീരിക മാനസിക വൈകല്യം ബാധിച്ച മക്കള്‍ ( പ്രായപരിധി ബാധകമല്ല.)
3. പങ്കാളി, സര്‍ക്കാര്‍ജീവനം /പെന്‍ഷണര്‍ ആണെങ്കില്‍ പങ്കാളിയെ സംബന്ധിച്ചുള്ള വിവരം നൽകേണ്ടതുണ്ടോ?
ഉണ്ട്. പങ്കാളി സര്‍ക്കാര്‍ ജീവനം/പെന്‍ഷന്‍കാര്‍ ആണെങ്കിലും പങ്കാളിയുടെ വിവരങ്ങള്‍ നല്‍കേണ്ടതാണ്. തുടര്‍ന്ന് പങ്കാളി പദ്ധതിയില്‍ പ്രധാന അംഗമായി വിവരം നല്‍കണം.
4. ബ്ലഡ്ഗ്രൂപ്പ് നല്കുന്നത് നിർബന്ധമാണോ? പ്രൊഫോർമയോടൊപ്പം ഫോട്ടോ നൽകേണ്ടതുണ്ടോ?
ബ്ലഡ്ഗ്രൂപ്പ് സംബന്ധിച്ച വിവരം നല്‍കുന്നത് നിർബന്ധമല്ല. പ്രൊഫോര്‍മയോടൊപ്പം ഫോട്ടോ നല്‍കേണ്ടതില്ല.
5. സമാന സര്‍ക്കാര്‍പദ്ധതി എന്നാല്‍ എന്താണ്? സ്വകാര്യ ഇന്‍ഷുറന്‍സ് പദ്ധതികളുടെ വിവരം നല്‍കണമോ?
ECHS, CGHS, CHSS, RSBY തുടങ്ങിയ പദ്ധതികളാണ് ആയതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വകാര്യപദ്ധതികളുടെ വിവരം നല്‍കേണ്ടതില്ല.
6. കണ്ടിജന്റ്/പാര്‍ട്ട്ടൈം കണ്ടിജന്റ് പെന്‍ഷന്‍കാര്‍, എക്സ്ഗ്രേഷ്യാ പെന്‍ഷന്‍കാര്‍ എന്നിവർ വിവരം നൽകേണ്ടതുണ്ടോ?
സംസ്ഥാന സർവീസിൽനിന്നും ഏതെങ്കിലും തരത്തിലുള്ള പെന്‍ഷൻ വാങ്ങുന്ന എല്ലാ പെൻഷൻകാരും വിവരം നല്‍കേണ്ടതുണ്ട്.
7. പെൻഷൻകാരെ ആശ്രയിച്ചു കഴിയുന്ന മാതാപിതാക്കൾ, സഹോദരങ്ങൾ, വൈകല്യമില്ലാത്തമക്കൾ എന്നിവരെ ആശ്രിതരായി ചേർക്കുവാൻ സാധിക്കുമോ?
ഇല്ല
8. പെൻഷൻകാരുടെ വിവരശേഖരണത്തിനായുള്ള പ്രഫോമ എവിടെ നിന്നുലഭ്യമാകും?
പ്രസ്തുത പ്രഫോമ സംസ്ഥാനത്തെ എല്ലാട്രഷറികളിലും സൗജന്യമായി ലഭിക്കുന്നതാണ്. കൂടാതെ, ധനകാര്യവകുപ്പ്, മെഡിസെപ്പ് എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റിൽനിന്നും ആയത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
9. പെൻഷൻകാർ വിവരം എങ്ങനെ നൽകും?
പെൻഷൻകാർ ഇതുസംബന്ധിച്ച് അപേക്ഷ ഇംഗ്ലീഷ് ബ്ലോക്ക് അക്ഷരത്തിൽ മാത്രം പൂരിപ്പിച്ച് ബന്ധപ്പെട്ട ട്രഷറി ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.
10. ട്രഷറി വഴി പെൻഷൻ കൈപ്പറ്റുന്ന സംസ്ഥാന പെൻഷൻകാർ, എക്സ്ഗ്രേഷ്യ പെൻഷൻകാർ, പാർട്ട്ടൈം കണ്ടിജന്റ് പെൻഷൻകാർ, പേഴ്സണൽസ്റ്റാഫ് പെൻഷൻകാർ പ്രസ്തുത വിഭാഗങ്ങളിലെ കുടുംബ പെൻഷൻകാർ എന്നിവർ അപേക്ഷ സമർപ്പിക്കേണ്ടതെവിടെ? ആയതിനുള്ള സമയപരിധി വ്യക്തമാക്കാമോ?
ട്രഷറി വഴി പെൻഷൻ കൈപ്പറ്റുന്ന സംസ്ഥാന പെൻഷൻകാർ, എക്സ്ഗ്രേഷ്യ പെൻഷൻകാർ, പാർട്ട്ടൈം കണ്ടിജന്റ് പെൻഷൻകാർ, പേഴ്സണൽസ്റ്റാഫ് പെൻഷൻകാർ, പ്രസ്തുത വിഭാഗങ്ങളിലെ കുടുംബ പെൻഷൻകാർ എന്നിവർ പ്രസ്തുത പ്രഫോമ പൂരിപ്പിച്ച് തങ്ങളുടെ മാതൃ ട്രഷറിയിൽ 2018 നവംബർ മാസം 15-നുള്ളിൽ സമർപ്പിക്കേണ്ടതാണ്.
11. ബാങ്ക് വഴിയോ മണിയോർഡർ വഴിയോ പെൻഷൻ കൈപറ്റുന്ന സംസ്ഥാന പെൻഷൻകാർ, എക്സ്ഗ്രേഷ്യ പെൻഷൻകാർ, പാർട്ട്ടൈം കണ്ടിജന്റ് പെൻഷൻകാർ, പേഴ്സണൽ സ്റ്റാഫ് പെൻഷൻകാർ, പ്രസ്തുത വിഭാഗങ്ങളിലെ കുടുംബ പെൻഷൻകാർ എന്നിവർ അപേക്ഷ സമർപ്പിക്കേണ്ടതെവിടെ? ആയതിനുള്ള സമയപരിധി വ്യക്തമാക്കാമോ?
ബാങ്ക് വഴിയോ മണിയോർഡർ വഴിയോ പെൻഷൻ കൈപറ്റുന്ന പ്രസ്തുത പെൻഷൻകാർ/ കുടുംബപെൻഷൻകാർ എന്നിവർ പൂരിപ്പിച്ച അപേക്ഷ തൊട്ടടുത്ത ട്രഷറിയിൽ 2018 നവംബർമാസം 15-നുള്ളിൽ സമർപ്പിക്കേണ്ടതാണ്.
12. സംസ്ഥാനത്തിനു പുറത്ത് താമസിക്കുന്ന കേരള സംസ്ഥാന പെൻഷൻകാർ/ കുടുംബ പെൻഷൻകാർ എന്നിവർ എവിടെ അപേക്ഷ സമർപ്പിക്കണം? ആയതിനുള്ള സമയ പരിധി വ്യക്തമാക്കാമോ?
സംസ്ഥാനത്തിനു പുറത്ത് പെൻഷൻ കൈപറ്റുന്ന കേരള സംസ്ഥാന പെൻഷൻകാർ/ കുടുംബപെൻഷൻകാർ എന്നിവർ പൂരിപ്പിച്ച അപേക്ഷ ട്രഷറി ഡയറക്ടർക്ക് 2018 നവംബർമാസം 15 തീയതിക്കുള്ളിൽ രജിസ്ട്രേർഡ് തപാൽവഴിയോ (ട്രഷറിഡയറക്ടർ, കൃഷ്ണബിൽഡിങ്, തൈക്കാട്. പി. ഒ., തിരുവനന്തപുരം- 695014 എന്ന മേൽവിലാസത്തിൽ), നേരിട്ടോ സമർപ്പിക്കേണ്ടതാണ്.
13. ദേശീയ പെൻഷൻപദ്ധതി പ്രകാരം സംസ്ഥാന സർവീസിൽ നിന്നും വിരമിച്ചവർക്ക്പദ്ധതിയിൽ ചേരുവാൻ താൽപ്പര്യമുള്ള പക്ഷം അപേക്ഷ സമർപ്പിക്കേണ്ടതെവിടെ? ആയതിനുള്ള സമയപരിധി വ്യക്തമാക്കാമോ?
ദേശീയ പെൻഷൻ പദ്ധതിപ്രകാരം സംസ്ഥാന സർവീസിൽനിന്നും വിരമിച്ചവർക്ക് പദ്ധതിയിൽ ചേരുവാൻ താൽപ്പര്യമുള്ളപക്ഷം പ്രസ്തുത പ്രഫോമ പൂരിപ്പിച്ച് ധനകാര്യ (ഹെൽത്ത് ഇൻഷുറൻസ്) വകുപ്പിനു 2018 നവംബർ മാസം 15 തീയതിക്കുള്ളിൽ രജിസ്ട്രേർഡ് തപാൽ വഴിയോ, നേരിട്ടോ സമർപ്പിക്കാവുന്നതാണ്.
14. സംസ്ഥാന കേഡറിൽനിന്നും വിരമിച്ച അഖിലേൻഡ്യ സർവീസ് പെന്‍ഷന്‍കാര്‍ വിവരം എന്നുമുതല്‍ നല്‍കണം?
പ്രസ്തുത വിഭാഗത്തിനു പദ്ധതി ഓപ്ഷണൽ ആണ്. പദ്ധതിയില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിലവിലെ നിയമങ്ങള്‍ക്ക് വിധേയമായി പദ്ധതിയില്‍ ചേരാവുന്നതാണ്. ഈ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദ്ദേശവും സമയക്രമവും പ്രത്യേകം പുറപ്പെടുവിക്കുന്നതായിരിക്കും.
15. സ്വയമേവ പദ്ധതിയില്‍ പ്രധാന അംഗമായി ചേരുവാന്‍ അര്‍ഹതയില്ലാതിരിക്കുകയും പങ്കാളിക്കും മക്കള്‍ക്കും പദ്ധതിയില്‍ സ്വഭാവിക അംഗത്വത്തിനു അര്‍ഹതയുള്ള സാഹചര്യത്തില്‍ ആരുടെആശ്രിതനായാണ് പദ്ധതിയില്‍ ചേരുവാന്‍ കഴിയുക? ഒന്നില്‍കൂടുതല്‍പേരുടെ ആശ്രിതരായി പദ്ധതിയില്‍ ചേരുവാന്‍സാധിക്കുമോ?
പങ്കാളിയുടെ ഒപ്പം വിവരം നല്‍കണം. ഒരാള്‍ക്ക് ഒരാളുടെആശ്രിതന്‍/ആശ്രിതയായി മാത്രമേ പദ്ധതിയില്‍ ചേരുവാന്‍ സാധിക്കുകയുള്ളു. ഒന്നില്‍ കൂടുതല്‍ തവണ പദ്ധതിയിൽ ഗുണഭോക്താവായി പേരുചേര്‍ത്താല്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതായിരിക്കുകയില്ല.
16. സ്വയമേവ പദ്ധതിയില്‍ പ്രധാന അംഗത്വത്തിന്ഭാ ര്യാഭര്‍ത്താക്കന്‍മാര്‍ക്ക് ഒരുപോലെ അര്‍ഹതയുണ്ടായിരിക്കുന്ന സാഹചര്യത്തില്‍ (രണ്ടുപേരും സര്‍ക്കാര്‍ ജീവനക്കാരോ അല്ലെങ്കില്‍ പെന്‍ഷന്‍കാരോ ആകുന്നപക്ഷം) പ്രത്യേകം അംഗത്വം എടുക്കേണ്ടതുണ്ടോ?
ഉണ്ട്. സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരോ പെന്‍ഷന്‍കാരോ ആയ എല്ലാപേരും നിര്‍ബന്ധമായും പദ്ധതിയില്‍ അംഗമായി ചേരേണ്ടതുണ്ട്.
17. വിവരങ്ങള്‍ ഭാവിയില്‍ തിരുത്തുന്നതിനുള്ള അവസരം ലഭിക്കുമോ?
ആപേക്ഷ സമർപ്പിക്കുന്ന ട്രഷറിതലത്തില്‍ ഇതു സംബന്ധിച്ച നടപടിക്രമങ്ങൾക്ക് വിധേയമായി അവസരം നല്‍കുന്നതാണ്.
18. പദ്ധതിയില്‍ പ്രധാന അംഗത്വത്തിന് അര്‍ഹതയുള്ളവര്‍ക്ക് ഭര്‍ത്താവിന്റെ / ഭാര്യയുടെ മാതാപിതാക്കളെ ആശ്രിതരായി ഉള്‍പ്പെടുത്തുവാന്‍ സാധിക്കുമോ?
സാധിക്കില്ല.
19. പാര്‍ട്ട്ടൈം കണ്ടിജന്റ് / കണ്ടിജന്റ് / പാര്‍ട്ട്ടൈം ടീച്ചേഴ്സ് പെൻഷൻകാർ എന്നിവര്‍ പദ്ധതിയുടെ പരിധിയില്‍വരുമോ? അപ്രകാരമുള്ളവര്‍ വിവരം നല്‍കേണ്ടതുണ്ടോ?
പ്രസ്തുത വിഭാഗം പെൻഷൻകാർ പദ്ധതിയുടെ പരിധിയില്‍ വരുന്നതിനാല്‍ വിവരം നല്‍കേണ്ടതുണ്ട്.
20. പൊതുമേഖലാസ്ഥാപനങ്ങളിലെ പെന്‍ഷന്‍കാർക്ക് പദ്ധതിയയിൽ അംഗത്വം ലഭിക്കുമോ?
ഇല്ല.
21. ECHS, CGHS, CHSS എന്നിവയുടെ പരിധിയില്‍ വരുന്ന പെൻഷൻകാർ നിര്‍ദ്ദിഷ്ട ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ചേരണമോ? അപ്രകാരമുള്ളവര്‍ വിവരം നല്‍കേണ്ടതുണ്ടോ?
പ്രസ്തുത വിഭാഗം പെൻഷൻകാർ വിവരം നല്‍കേണ്ടതാണ്. പ്രസ്തുത വിഷയത്തില്‍ ഉചിതമായ നിര്‍ദ്ദേശംസര്‍ക്കാര്‍ പുറപ്പെടുവിക്കുന്നതായിരിക്കും.
22. സഹോദരന്‍, സഹോദരി എന്നിവരെ പദ്ധതിയില്‍ ആശ്രിതരായി ചേര്‍ക്കുവാന്‍ സാധിക്കുമോ?
ഇല്ല.
23. ബോര്‍ഡ്, പൊതുമേഖലാസ്ഥാപനങ്ങളില്‍ സേവനത്തില്‍ ഇരിക്കുന്നതോ റിട്ടയര്‍ ചെയ്തതോ ആയ പങ്കാളിയെ പദ്ധതിയില്‍ ആശ്രിതരായി ഉള്‍പ്പെടുത്താന്‍ സാധിക്കുമോ?
സാധിക്കും.
24. ബഹു. മുഖ്യമന്ത്രി/മന്ത്രിമാര്‍/പ്രതിപക്ഷനേതാവ്/ചീഫ് വിപ്പ്എ എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്സണല്‍സ്റ്റാഫ് പെൻഷൻകാർ പദ്ധതിയില്‍ ഉള്‍പ്പെടുമോ? എങ്കില്‍ വിവരം എന്നുമുതല്‍ നല്‍കിത്തുടങ്ങണം?
ഉള്‍പ്പെടും. മറ്റ് പെൻഷൻകാർ വിവരം നല്‍കുന്നതു പോലെ പ്രസ്തുത വിഭാഗത്തിൽപ്പെട്ടവരും വിവരം നല്‍കേണ്ടതാണ്.
25. പൊതുമേഖല/സ്വയംഭരണ/സഹകരണസ്ഥാപനങ്ങളിലെയും ബോര്‍ഡുകളിലെയും പെന്‍ഷന്‍കാരെ നിര്‍ദ്ദിഷ്ട ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ? നിലവില്‍ അവര്‍ വിവരങ്ങള്‍ നല്‍കേണ്ടതുണ്ടോ?
പ്രസ്തുത പദ്ധതിയുടെ ആദ്യഘട്ടത്തില്‍ മേല്‍പ്പറഞ്ഞ പെന്‍ഷന്‍കാരെ ഉള്‍പ്പെടുത്തിയിട്ടില്ല. ആയതിനാല്‍ നിലവില്‍ അവര്‍ വിവരങ്ങൾ നല്‍കേണ്ടതില്ല.
26 . പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പ്രകാരം സംസ്ഥാന സർവീസിൽ നിന്നും വിരമിച്ചവർ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുമോ?
വ്യവസ്ഥകള്‍ക്ക് വിധേയമായി ഉള്‍പ്പെടും.
27. ആധാര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കുമ്പോഴും കൈമാറ്റം ചെയ്യുമ്പോഴും സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ എന്തെല്ലാമാണ്?
ആധാര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങൾ സുരക്ഷിതമായി കൈമാറുന്നതിന് എല്ലാ തലങ്ങളിലെ ഓഫീസർമാരും നിയമപ്രകാരം സ്വീകരിക്കേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണ്.
28. RSBY പദ്ധതിയിൽ അംഗമായിട്ടുള്ള സർക്കാർ പെൻഷൻകാർ സ്വീകരിക്കേണ്ട നടപടിക്രമം എന്താണ്?
സർക്കാർ പെൻഷൻകാർക്ക് നിലവിലെ ചട്ടങ്ങൾ അനുസരിച്ച് RSBY പദ്ധതിയിൽ അംഗത്വത്തിന് അർഹതയില്ല. അപ്രകാരം അംഗത്വം എടുത്തിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട അധികാരികൾക്ക് തെറ്റായ വിവരം നൽകിയാണ് അംഗത്വം നേടിയിട്ടുള്ളത്. ആയതിനാൽ പ്രസ്തുത വിവരം ബന്ധപെട്ട അധികാരികളെ അറിയിച്ച് ചട്ടപ്രകാരം പ്രസ്തുത അംഗത്വം റദ്ദ്ചെയ്യേണ്ടതും സർക്കാർ ജീവനക്കാക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യപദ്ധതിയിൽ അംഗമാകുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കേണ്ടതുമാണ്.
29. കന്യാസ്ത്രീകളായ പെൻഷൻകാർക്ക് ആശ്രീതരായി ആരെയെല്ലാം ചേർക്കാം.?
പ്രസ്തുത വിഭാഗം പെൻഷൻകാർക്ക് ആശ്രിതരായി നിലവിൽ ആരേയും ചേർക്കുവാൻ സാധിക്കുകയില്ല. ഇതു സംബന്ധിച്ച് കെ.എസ്.ആർ. ഭാഗം III ലെ കുടുമ്പ പെൻഷനുവേണ്ടി ആശ്രിതരെ നിർദ്ദേശിക്കുന്നത് സംബന്ധിച്ചുള്ള വ്യവസ്ഥകൾ ഇവിടെയും ബാധകമാണ്.
30. പദ്ധതിയിൽ ചേരാൻ അപേക്ഷ നൽകിയാലുടൻ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാകുമോ?
ഇല്ല. പദ്ധതി നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള ടെന്‍ഡര്‍ നടപടികള്‍ക്ക് മുന്നോടിയായിട്ടാണ് വിവരശേഖരണം നടത്തുന്നത്. പദ്ധതിയുടെ മറ്റ് വ്യവസ്ഥകള്‍ ടെന്‍ഡര്‍ നടപടികൾ പൂർത്തിയായതിനുശേഷം മാത്രമെ വിശദമാക്കുവാൻ സാധിക്കുകയുള്ളൂ.
31. ഏതെല്ലാം ആശൂപത്രികൾ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടും?
പദ്ധതിയിൽ ഉൾക്കൊള്ളൂന്ന ചിക്തസാരീതികൾ, ഒടുക്കേണ്ട പ്രീമിയം, ലഭ്യമാകുന്ന കവറേജ്, എംപാനൽഡ് ഹോസ്പിറ്റലുകൾ, മറ്റുവ്യവസ്ഥകൾ എന്നിവ ടെന്‍ഡര്‍ നടപടികൾ പൂർത്തിയായതിനുശേഷം മാത്രമെ വിശദമാക്കുവാൻ സാധിക്കുകയുള്ളൂ.
32. പദ്ധതിയിലൊടുക്കേണ്ട പ്രീമിയം എത്രയാണ്?
പദ്ധതിയിൽ ഉൾക്കൊള്ളൂന്ന ചിക്തസാരീതികൾ, ഒടുക്കേണ്ട പ്രീമിയം, ലഭ്യമാകുന്ന കവറേജ്, എംപാനൽഡ് ഹോസ്പിറ്റലുകൾ, മറ്റുവ്യവസ്ഥകൾ എന്നിവ ടെന്‍ഡര്‍ നടപടികൾ പൂർത്തിയായതിനുശേഷം മാത്രമെ വിശദമാക്കുവാൻ സാധിക്കുകയുള്ളൂ.
33. പദ്ധതിയിൽ ലഭ്യമാകുന്ന കവറേജ് എത്രയാണ്?
പദ്ധതിയിൽ ഉൾക്കൊള്ളൂന്ന ചിക്തസാരീതികൾ, ഒടുക്കേണ്ട പ്രീമിയം, ലഭ്യമാകുന്ന കവറേജ്, എംപാനൽഡ് ഹോസ്പിറ്റലുകൾ, മറ്റുവ്യവസ്ഥകൾ എന്നിവ ടെന്‍ഡര്‍ നടപടികൾ പൂർത്തിയായതിനുശേഷം മാത്രമെ വിശദമാക്കുവാൻ സാധിക്കുകയുള്ളൂ.
34. പദ്ധതിയിൽ ആയുർവേദ
/ഹോമിയോ/ യുനാനി/സിദ്ധ ചിക്ത്സാരീതികൾ ഉൾപ്പെടുമോ?
പദ്ധതിയിൽ ഉൾക്കൊള്ളൂന്ന ചിക്തസാരീതികൾ, ഒടുക്കേണ്ട പ്രീമിയം, ലഭ്യമാകുന്ന കവറേജ്, എംപാനൽഡ് ഹോസ്പിറ്റലുകൾ, മറ്റുവ്യവസ്ഥകൾ എന്നിവ ടെന്‍ഡര്‍ നടപടികൾ പൂർത്തിയായതിനുശേഷം മാത്രമെ വിശദമാക്കുവാൻ സാധിക്കുകയുള്ളൂ.
35. സംസ്ഥാന സർക്കാരിൽ നിന്നും പെൻഷൻ വാങ്ങുന്ന UGC/AICTE പെൻഷൻകാർ വിവരശേഖരണത്തിനായുള്ള പ്രെഫോമ സമർപ്പിക്കേണ്ടതുണ്ടോ?
ഉണ്ട്. സംസ്ഥാന സർവീസ് പെൻഷണർ എന്ന രീതിയിൽ പ്രസ്‌തുത വിഭാഗങ്ങളിൽപ്പെട്ടവരും വിവരം നൽകേണ്ടതുണ്ട്.
36. കുടുംബ പെൻഷൻകാർ പങ്കാളിയുടെ വിവരം നൽകേണ്ടതുണ്ടോ?
കുടുംബ പെൻഷൻകാർ പുനർവിവാഹം ചെയ്യുമ്പോൾ അവരുടെ കുടുംബ പെൻഷനുള്ള ഈ പദ്ധതിയിലേക്കുള്ള അംഗത്വത്തിനും അർഹത ഉണ്ടായിരിക്കുന്നതല്ല. എന്നാൽ കെ.സ്.ആർ ഭാഗം 90 (6) (g) പ്രകാരം മാതാപിതാക്കൾക്ക് തുല്യഭാഗമായി കുടുംബ പെൻഷൻ അനുവദിച്ചിട്ടുണ്ടെങ്കിൽ പങ്കാളിയുടെ വിവരം നൽകാവുന്നതാണ്. മാതാപിതാക്കൾക്ക് തുല്യഭാഗമായി കുടുംബപെൻഷൻ അനുവദിച്ചിട്ടുള്ള കേസുകളിൽ ഒരാൾ പ്രധാന അംഗമായി ചേരേണ്ടതും രണ്ടാമത്തെയാളെ 'ടി'യാളുടെ പങ്കാളിയായി ചേർക്കേണ്ടതുമാണ്.
37. കുടുംബ പെൻഷൻകാർക്ക് ആശ്രിതരായി ആരെയെല്ലാം ചേർക്കാം?
മേൽപറഞ്ഞ സാഹചര്യം ഒഴിച്ചു നിർത്തിയാൽ, ശാരീരിക മാനസിക വൈകല്യം ബാധിച്ച മക്കളെ (പ്രായപരിധി ബാധകമല്ല) ആശ്രിതരായി ഉൾപ്പെടുത്താവുന്നതാണ്.
38. പ്രഫോമാ പൂരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ എന്തെല്ലാമാണ് ?
പ്രഫോമാ ഇംഗ്ലീഷ് ബ്ലോക്കക്ഷരത്തിൽ തെറ്റ്കൂടാതെ പൂരിപ്പിക്കേണ്ടതും പ്രഫോമയിൽ പി.ഒ നമ്പർ, ആധാർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ പൂർണമായും വ്യക്തമായും രേഖപ്പെടുത്തേണ്ടതുമാണ്.
----------------------
സംശയ നിവാരണം
|
മെഡിസെപ്പുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി 0471-230 5851 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. |